എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് അന്തിമഘട്ടത്തില്‍; ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറിയേക്കും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാരിനെതിരായ ആരോപണങ്ങളില്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയേക്കുമെന്നാണ്  റിപ്പോര്‍ട്ട് .പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്.

മുഖ്യമന്ത്രി നല്‍കിയ സമയപരിധി വ്യാഴാഴ്ച അവസാനിക്കുകയാണ്. ബന്ധപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തുന്നതുള്‍പ്പെടെയുള്ള അവസാനഘട്ട ജോലികളിലാണ് അന്വേഷണ സംഘം ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എഡിജിപിയുടെ ദേശീയ നേതാക്കളെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന ആര്‍എസ്എസ് നേതാക്കളുടെ മൊഴി അന്വേഷണ സംഘം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, വിവാദ യോഗങ്ങളെപ്പറ്റി റിപ്പോര്‍ട്ടിലുണ്ടാകും.

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റണമെന്ന മുറവിളികള്‍ക്കിടയില്‍ ഇതേപ്പറ്റി ആഭ്യന്തര വകുപ്പ് ആലോചനകള്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. എഡിജിപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് ഹാനികരമാകുമെന്ന ആശങ്ക പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചതായിട്ടാണ് സൂചന. അജിത് കുമാറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഐയും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*