
കോട്ടയം: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് (എം) സംസ്ഥാന ഭാരവാഹിയും, നെടുംപറമ്പിൽ ഫിനാൻസ് ഉടമയുമായ എൻ എം രാജു അറസ്റ്റിൽ. ഇയാൾക്കെതിരെ തിരുവല്ല സ്റ്റേഷനില്‍ പത്തും പുളിക്കീഴ് മൂന്നും കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതിയുണ്ട്. കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിന് നിക്ഷേപകരില്‍ നിന്ന് കോടികളാണ് എൻ.എം. രാജു നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. നെടുംപറമ്പിൽ ഫിനാൻസ്, നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പണം സ്വീകരിച്ചത്. റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റയില്‍സ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്.
നിലവിൽ കേരള കോൺഗ്രസ് എം സംസ്ഥാന ട്രഷറർ ആയിരുന്നു ഇദ്ദേഹം. മൂന്നു മാസം മുൻപ് ഇദ്ദേഹത്തെ ആ പദവിയില്‍ നിന്ന് നീക്കം ചെയ്തുവെന്നാണ് പാർട്ടിയുടെ ഔദ്യോഗിക ഭാഷ്യം. കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റായിരുന്നു. കെ.എം. മാണിയുടെയും ജോസ് കെ മാണിയുടെയും വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. രാജുവിനെതിരേ നിരവധി പരാതികള്‍ വന്നെങ്കിലും പൊലീസ് നടപടി എടുക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമായിരുന്നു.
അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശമലയാളികളില്‍ നിന്നാണ് രാജുവിന്റെ നെടുംപറമ്പിൽ സിൻഡിക്കേറ്റ് പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. രണ്ടു മാസം മുൻപ് ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കൻ മലയാളി നല്‍കിയ പരാതിയില്‍ കേസ് എടുത്തിരുന്നു. ഇത് പിന്നീട് ഒത്തു തീർപ്പാക്കി. ഇതിന് പിന്നാലെ വിവിധ സ്റ്റേഷനുകളില്‍ പരാതി ചെല്ലുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.
കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ കരിക്കിനേത്ത് സില്‍ക്സ് വാങ്ങി എൻസിഎസ് വസ്ത്രം എന്ന പേരില്‍ തുണിക്കടകള്‍ തുടങ്ങിയിരുന്നു. ഇത് വാങ്ങിയ വകയില്‍ കരിക്കിനേത്ത് ഉടമയ്ക്ക് ഇപ്പോഴും കോടികള്‍ നല്‍കാനുണ്ട്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നല്‍കാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്‍കാതെ ഇരിക്കാൻ കഴിയില്ലെന്ന് വിശ്വാസികള്‍ അറിയിക്കുകയും കടയ്ക്ക് മുന്നില്‍ സമരം തുടങ്ങുകയും ചെയ്തിരുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങള്‍ ആണ് എൻ.എം. രാജുവിനെ ചതിച്ചതെന്നാണ് പറയുന്നത്. നിക്ഷേപകരില്‍ നിന്ന് വലിയ പലിശ നല്‍കി വാങ്ങിയ പണം കേരളത്തിന് അകത്തും പുറത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചു. കോവിഡ് കാരണം സമ്പത്ത് വ്യവസ്ഥയ്ക്ക് തിരിച്ചടി നേരിട്ടതോടെ റിയല്‍ എസ്റ്റേറ്റ് മേഖല തകരുകയും ചെയ്തു. ഇതാണ് എൻ.എം രാജുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് എന്നാണ് വിവരം.
Be the first to comment