ടെക് ലോകം കാത്തിരുന്ന ആ തീയതി വരവായി. ആപ്പിളിന്റെ ഐഫോൺ 16 മോഡലിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. സെപ്റ്റംബർ ഒൻപതിന് പ്രത്യേക ഇവന്റ് ആപ്പിൾ പ്രഖ്യാപിച്ചതോടെ ഐഫോൺ പ്രേമികൾ ഉൾപ്പെടെയുള്ള ടെക് ലോകം ആവേശത്തിലായിരിക്കുയാണ്. ‘ഇറ്റ്സ് ഗ്ലോടൈം’ എന്ന അടിക്കുറിപ്പോടെയാണ് ആപ്പിൾ ഇവന്റ് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സെപ്റ്റംബർ ഒൻപതിന് ഇന്ത്യൻ സമയം രാത്രി 10.30ന് കാലിഫോർണിയയിലെ ആപ്പിൾ പാർക്കിലാണ് പരിപാടി നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അതിഥികളും മാധ്യമപ്രവർത്തകരും ഇവന്റിൽ പങ്കാളികളാകും. ഐഫോൺ 16 സീരിസിൽ നാല് മോഡലുകളാകും ആപ്പിൾ അവതരിപ്പിക്കുക. ആക്ഷൻ ബട്ടൺ, ക്യാപ്ചർ ബട്ടൺ തുടങ്ങിയ സംവിധാനങ്ങളും പുതിയ മോഡലിനുണ്ടാകും.
ഡിസൈനിലും ചെറിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ക്യാപ്ചർ ബട്ടൺ വേഗത്തിൽ ഫോട്ടോകൾ എടുക്കാനും വീഡിയോകൾ റെക്കോർഡ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കും. കൂടാതെ എക്സ്പോഷർ ലോക്ക്, ഫോക്കസ് ക്രമീകരിക്കൽ, സൂം ഇൻ- ഔട്ട് സൂം ചെയ്യൽ തുടങ്ങിയ ഫീച്ചറുകളും ഈ ബട്ടൺ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഐഫോണിന് പുറമെ ആപ്പിൾ വാച്ച്, എയർപോഡ് ഉൾപ്പെടെയുള്ളവയുടെ പുതിയ മോഡലുകളും ഇവെന്റിന്റെ ആകർഷണമാണ്. ആപ്പിൾ വാച്ച് സീരീസ് 10, വാച്ച് അൾട്രാ 3 എന്നിവയ്ക്ക് പുറമെ ബജറ്റിലൊതുങ്ങുന്ന എസ് ഇ മോഡലുകളും കമ്പനി അവതരിപ്പിക്കും. ഒപ്പം, രണ്ടാം തലമുറ എയർപോഡ്സ് മാക്സും രണ്ട് പുതിയ എയർപോഡ് മോഡലുകളും ആപ്പിൾ പുറത്തിറക്കുമെന്നാണ് സൂചന.
Be the first to comment