
പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങള്‍ക്ക് ദേശീയ ശ്രദ്ധയിലേക്ക് കടന്നുവരാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന കുട്ടിക്രിക്കറ്റ് പൂരം. ഐപിഎല്ലിലെ മികവിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടിവാതില്‍ തുറന്ന് രാജ്യന്തര ക്രിക്കറ്റ് ലോകത്തേക്ക് ഇറങ്ങിയ താരങ്ങളുടെ പട്ടിക ജസ്പ്രീത് ബുംറയില്‍ തുടങ്ങി ഇപ്പോള്‍ റിങ്കു സിങ്ങില്‍ എത്തിനില്‍ക്കുന്നു. ഐപിഎല്ലിന്റെ ഓരോ സീസണ്‍ വരുമ്പോഴും ക്രിക്കറ്റ് ആരാധകരും ആസ്വാദകരും ഉറ്റുനോക്കുന്നത് ഇക്കുറി ഏത് യുവതാരമാകും ഭാവി വാഗ്ദാനമാകുന്നത് എന്നാണ്.
നാലു മാസങ്ങള്‍ക്ക് അപ്പുറം മറ്റൊരു ഐപിഎല്‍ സീസണ്‍ ആരംഭിക്കുകയാണ്. അതിനു മുന്നോടിയായുള്ള താരലേലത്തിന് ഇന്ന് ലോക വാണിജ്യ തലസ്ഥാനമായ ദുബായ് സാക്ഷ്യം വഹിക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നതും അതിലേക്കാണ്. അണ്ടര്‍ 19 ഏഷ്യാ കപ്പിലും, ആഭ്യന്തര ക്രിക്കറ്റിലുമൊക്കെയായി മികച്ച പ്രകടനം കാഴ്ചവച്ച ഒരുപിടി യുവതാരങ്ങള്‍ ലേലപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ആകെ 70 താരങ്ങളുടെ ഒഴിവാണ് ലേലത്തില്‍ നികത്തപ്പെടേണ്ടത് എങ്കില്‍ 333 കളിക്കാരുടെ വിശാലമായ പട്ടികയാണ് ലേലമേശയില്‍ എത്തുക. ഇതില്‍ 214 പേര്‍ ഇന്ത്യന്‍ താരങ്ങളും 119 ആളുകള്‍ വിദേശികളും രണ്ട് പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ടീമുകള്‍ സ്വന്തമാക്കേണ്ട 70 താരങ്ങളില്‍ 30 പേര്‍ വിദേശികളാണ്. ലേലത്തിനുള്ള 116 താരങ്ങള്‍ ക്യാപ്ഡ് പ്ലെയര്‍സും 215 ആളുകള്‍ അണ്‍ക്യാപ്‌ഡുമാണ്.
Be the first to comment