‘ഈ കളിയാണെങ്കില്‍ ചെന്നൈ രക്ഷപ്പെടില്ല, ധോനി നേരത്തെ ബാറ്റിങിന് ഇറങ്ങണം’- വാട്‌സന്‍

ചെന്നൈ: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തന്ത്രങ്ങളില്‍ ആശയക്കുഴപ്പമുണ്ടായെന്നു വിമര്‍ശിച്ച് മുന്‍ സിഎസ്‌കെ താരവും ഓസീസ് ഇതിഹാസവുമായ ഷെയ്ന്‍ വാട്‌സന്‍. വെറ്ററന്‍ താരം എംഎസ് ധോനി ഇത്ര താഴെക്കിറങ്ങി ബാറ്റ് ചെയ്യുന്നതിനേയും വാട്‌സന്‍ ചോദ്യം ചെയ്യുന്നു. 197 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ 50 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ ധോനി 16 പന്തുകള്‍ നേരിട്ട് 30 റണ്‍സുമായി പുറത്താകാതെ നിന്നു ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോററായിരുന്നു.

‘ധോനി ബാറ്റിങ് ഓര്‍ഡറില്‍ ആദ്യം ഇറങ്ങുന്നതു കാണാനാണ് ഞാന്‍ അഗ്രഹിക്കുന്നത്. അശ്വിനു മുന്‍പ് തന്നെ അദ്ദേഹം ഇറങ്ങണമായിരുന്നു. കളിയുടെ സാഹചര്യം വച്ചു നോക്കുകയാണെങ്കില്‍ ഒരു 15 പന്തുകള്‍ കൂടി ധോനി ഈ നിലയ്ക്കു കളിക്കുമായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം നന്നായി തന്നെ ബാറ്റ് ചെയ്യുന്നുണ്ട്.’

‘ഋതുരാജ് മികച്ച ഓപ്പണറാണ്. എന്നാല്‍ അദ്ദേഹം ഓപ്പണ്‍ ചെയ്യുന്നില്ല. പകരം രാഹുല്‍ ത്രിപാഠിയാണ് ഓപ്പണറായി വന്നത്. നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഋതുരാജ് ഹെയ്‌സല്‍വുഡിനെ നേരിടുന്ന രീതി കണ്ടപ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദത്തിലാണെന്നു മനസിലായി. ദീപക് ഹൂഡ, സാം കറന്‍ എന്നിവരൊക്കെ പരാജയമായി. എനിക്കു തോന്നുന്നത് സിഎസ്‌കെ ഇപ്പോള്‍ മികച്ച കോമ്പിനേഷനുകള്‍ കണ്ടത്തേണ്ടിയിരിക്കുന്നു. ടീമില്‍ മാറ്റങ്ങള്‍ അനിവര്യമാണ്. ഇതേരീതിയില്‍ തന്നെയാണ് ടീം അടുത്ത കളിക്കുമിറങ്ങുന്നതെങ്കില്‍ വലിയ പ്രതീക്ഷ വേണ്ട.’

ധോനിയുടെ വിക്കറ്റ് കീപ്പിങ് പ്രകടനത്തേയും വാട്‌സന്‍ പ്രശംസിച്ചു.

’43ാം വയസിലും വിക്കറ്റ് കീപ്പിങില്‍ എക്കാലത്തേയും മികച്ച താരമാണെന്നു അതിവേഗ സ്റ്റംപിങിലൂടെ അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തെ ബാറ്റിങില്‍ നേരത്തെ അയച്ചിരുന്നെങ്കില്‍ സിഎസ്‌കെയ്ക്ക് ഒരു സാധ്യത തുറന്നു കിട്ടുമായിരുന്നു’- വാട്‌സന്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*