ഐപിഎൽ ആരവത്തിനു നാളെ തുടക്കം; ഉദ്ഘാടന മത്സരം ചെന്നൈയും ബെംഗളൂരുവും തമ്മിൽ

ഐപിഎലിൻ്റെ 17ആം എഡിഷന് നാളെ തുടക്കം. ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും.

ചെന്നൈ സൂപ്പർ കിംഗ്സിനെ പരുക്കുകൾ വലയ്ക്കുകയാണ്. ഫൈനൽ ഇലവനിൽ കളിക്കുമെന്നുറപ്പുള്ള പ്രധാന താരങ്ങളിൽ പലർക്കും പരുക്കേൽക്കുന്നതാണ് മാനേജ്മെൻ്റിന് തലവേദനയായി മാറുന്നത്. ഡെവോൺ കോൺവെ, മതീഷ പതിരന, മുസ്തഫിസുർ റഹ്മാൻ എന്നിവർക്കാണ് നിലവിൽ പരുക്കേറ്റിരിക്കുന്നത്. ഇവർ ഐപിഎലിൽ കളിക്കുമോ ഇല്ലയോ എന്നതിൽ മാനേജ്മെൻ്റ് വ്യക്തത വരുത്തിയിട്ടില്ല. കോൺവെയ്ക്ക് പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പതിരന നാലോ അഞ്ചോ ആഴ്ചകളാണ് പുറത്തിരിക്കുക. മുസ്തഫിസുർ റഹ്മാൻ്റെ പരുക്കിനെപ്പറ്റി കാര്യമായ വ്യക്തതയില്ല.

കോൺവേ കളിക്കില്ലെന്നതിനാൽ രചിൻ രവീന്ദ്രയാവും ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പൺ ചെയ്യുക. മൊയീൻ അലി, മഹീഷ് തീക്ഷണ എന്നിവരെക്കൂടാതെ മിച്ചൽ സാൻ്റ്നർ, ഡാരിൽ മിച്ചൽ, മുസ്തഫിസുർ റഹ്മാൻ എന്നിവരിൽ ഒരാളും വിദേശ ക്വോട്ടയിൽ കളിക്കും. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ പരുക്ക് ഭീഷണി കാര്യമായി ഇല്ല. കാമറൂൺ ഗ്രീൻ ടീമിലെത്തിയത് വലിയ നേട്ടമാണ്. ഗ്രീൻ മൂന്നോ നാലോ നമ്പറിലാവും കളിക്കുക. ഫാഫ്, മാക്‌സ്‌വൽ എന്നിവർക്കൊപ്പം റീസ് ടോപ്ലെ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൻ, ടോം കറൻ എന്നിവരിൽ ഒരാളാവും വിദേശ ക്വോട്ടയിൽ.

Be the first to comment

Leave a Reply

Your email address will not be published.


*