കായിക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് 7:30 നാണ് ആദ്യ മത്സരം.

അടിയും തിരിച്ചടിയും ആവേശവും അഴകലകള്‍ തീര്‍ക്കുന്ന ഐപിഎല്‍ മാമാങ്കത്തിലേക്കാണ് ഇനി ക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതുമെല്ലാം. പത്ത് ടീമുകള്‍ പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങളില്‍ ഏറ്റുമുട്ടും. കിരീടപ്പോരാട്ടം മേയ് ഇരുപത്തിയെട്ടിനാണ്. വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങോടെയാണ് ഐപിഎല്ലിന്റെ 2023 സീസണിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊടിയേറുക. ഗുജറാത്ത് ചെന്നൈ മത്സരത്തിന് മുന്നോടിയായി വൈകിട്ട് 6.30ന് സീസണിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്ട് പ്ലയറും വൈഡും നോബോളും ഡിആര്‍എസ് പരിധിയില്‍ വരുന്നതുമാണ് ഇത്തവണത്തെ ഐപിഎല്‍ സീസണിന്റെ പ്രത്യേകത. കളിയുടെ മുന്നോട്ടു പോക്ക് അനുസരിച്ച് ഒരുകളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമം. ടോസിന്റെ സമയത്ത് പ്ലേയിംഗ് ഇലവനൊപ്പം പകരക്കാരുടെ പേരും മുന്‍കൂട്ടിനല്‍കണം. നാല് പകരക്കാരില്‍ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ. പതിനാലാം ഓവറിന് മുമ്പ് പകരക്കാരനെ കളത്തിലിറക്കണം. ഇത് ഓവര്‍ പൂര്‍ത്തിയാവുമ്പോഴോ വിക്കറ്റ് വീഴുമ്പോഴോ ആയിരിക്കണം എന്നും നിബന്ധനയുണ്ട്.

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് മത്സരങ്ങള്‍ ഹോം ആന്‍ഡ് എവേ രീതിയിലേക്ക് തിരിച്ചുവരുന്നു എന്ന സവിശേഷതയും ഇത്തവണത്തെ ഐപിഎല്‍ ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്. പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പിലുള്ളവരുമായി ഓരോതവണയും എതിര്‍ ഗ്രൂപ്പിലുള്ളവരുമായി രണ്ടുതവണയും ഏറ്റുമുട്ടും. ഒരു ടീമിന് 14 കളി. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ പ്ലേഓഫിലേക്ക് മുന്നേറും. എന്തായാലും കായിക പ്രേമികളുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ദൂരെ മാത്രം.

Be the first to comment

Leave a Reply

Your email address will not be published.


*