ലേലത്തിൽ വിളിച്ച താരങ്ങൾ കളിച്ചില്ലെങ്കിൽ വിലക്കണം ; ആവശ്യവുമായി ഐപിഎൽ ടീമുകൾ

ഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ വിറ്റഴിക്കപ്പെട്ട ശേഷം ടൂർണമെന്റിൽ കളിക്കാത്ത താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി ഐപിഎൽ ടീമുകൾ. ഇത്തരം താരങ്ങളെ രണ്ട് വർഷത്തേയ്ക്ക് എങ്കിലും വിലക്കണമെന്നാണ് ടീം ഉടമകൾ സംഘാടകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിന് കാരണം പറയാത്ത താരങ്ങളുണ്ടെന്നാണ് ടീം ഉടമകൾ പറയുന്നത്. ‌ലേലത്തിൽ കുറഞ്ഞ തുകയ്ക്കു വിറ്റുപോയാൽ ചില വിദേശ താരങ്ങൾ ഐപിഎല്ലിൽ നിന്ന് പിന്മാറുകയാണ്. മറ്റു ചിലർ വലിയ തുക ലക്ഷ്യം വച്ച് മിനി ലേലത്തിൽ മാത്രം പങ്കെടുക്കുന്നു. മെ​ഗാലേലത്തേക്കാൾ കൂടുതൽ തുക മിനി ലേലത്തിൽ ലഭിക്കുമെന്നാണ് ഇത്തരക്കാർ കരുതുന്നത്.

പണം ലക്ഷ്യമിട്ടുള്ള വിദേശ താരങ്ങളുടെ ഇത്തരം തന്ത്രങ്ങൾക്കു വഴങ്ങിക്കൊടുക്കരുതെന്ന് ഐപിഎൽ ടീം ഉടമകൾ ആവശ്യപ്പെട്ടു. അടുത്ത വർഷത്തെ മെ​ഗാലേലത്തിന് മുമ്പായി ഓരോ ടീമും നിലനിർത്തേണ്ട താരങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള ചർച്ചകൾക്ക് പിന്നാലെയാണ് വിദേശ താരങ്ങളുടെ സമീപനത്തെപ്പറ്റിയും ഐപിഎൽ ടീമുകൾ ചർച്ച ചെയ്യുന്നത്.

അടുത്ത വർഷം മെ​ഗാലേലം വേണമെന്നും മിനിലേലം മതിയെന്നുമുള്ള ആവശ്യം ടീം ഉടമകളുടെ ഭാ​ഗത്ത് നിന്നുണ്ടായി. ഇക്കാര്യത്തിൽ ബിസിസിഐ ഉടൻ അന്തിമ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*