’48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേലിനെ ആക്രമിക്കും’; രാജ്യങ്ങളിലേക്ക് യാത്ര നടത്തരുതെന്ന് പൗരന്മാരോട് ഇന്ത്യയും അമേരിക്കയും

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇരുരാജ്യങ്ങളിലേക്കും യാത്രചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയും അമേരിക്കയും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് മുൻനിർത്തിയാണ് ഇന്ത്യയും അമേരിക്കയും തങ്ങളുടെ പൗരന്മാർക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്.

‘മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ഇന്ത്യക്കാരും ഇറാനിലേക്കോ ഇസ്രയേലിലേക്കോ യാത്ര ചെയ്യരുതെന്ന് നിർദ്ദേശിക്കുന്നു. നിലവിൽ ഇറാനിലോ ഇസ്രയേലിലോ താമസിക്കുന്ന എല്ലാവരും അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും സ്വയം അവരുടെ സുരക്ഷയെക്കുറിച്ചുള്ള പരമാവധി മുൻകരുതലുകൾ നിരീക്ഷിക്കാനും അവരുടെ ചലനങ്ങൾ പരമാവധി പരിമിതപ്പെടുത്താനും അഭ്യർഥിക്കുന്നു,’ എന്നാണ് ഇന്ത്യ പൗരന്മാർക്ക് നൽകിയ മുന്നറിയിപ്പ്.

അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേൽ മണ്ണിൽ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ അമേരിക്കയെ കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്ർ പ്രധാനമന്ത്രി ബഞ്ചമിന്ർ നെതന്യാഹു ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായിട്ടായിരിക്കും ആക്രമണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി ഇറാനോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതിനാൽ ഇസ്രയേൽ ജിപിഎസ് ജാമിങ് ശക്തമാക്കിയിട്ടുണ്ട്.

എംബസിക്കു സമീപമുണ്ടായ ആക്രമണത്തിൽ ഇറാനിയൻ ഖുദ്സ് ഫോഴ്സ് കമാൻഡർ ജെനറൽ മുഹമ്മദ് റെസ സഹേദി കൊല്ലപ്പെട്ടിരുന്നു. 2020ൽ ഖുദ്സ് ഫോഴ്സ് കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനി അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം കൊല്ലപ്പെടുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് റെസ സഹേദി.

റിപ്പോർട്ടുകൾ പ്രകാരം ഇറാൻ ആക്രമണമഴിച്ചുവിടുകയാണെങ്കിൽ അതൊരു തുറന്ന യുദ്ധത്തിന് വഴിവെക്കുകയും പശ്ചിമേഷ്യ വീണ്ടും ചോരക്കളമാവുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*