ഇസ്രായേൽ തിരിച്ചടിക്കാൻ ശ്രമിച്ചാൽ മറുപടി കനക്കും; മുന്നറിയിപ്പുമായി ഇറാൻ

കഴിഞ്ഞ ദിവസം നടന്ന മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ ശ്രമിച്ചാൽ അതിനുള്ള മറുപടി കൂടുതൽ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി. കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണ്.ഇറാൻ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

ഗാസയിലെയും ലെബനനിലെയും കൂട്ടക്കുരുതിയ്ക്ക് മറുപടിയെന്നോണം ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സെയ്ദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. കൂടുതൽ തിരിച്ചടി നൽകാൻ ഇസ്രായേൽ ഭരണകൂടം തീരുമാനിച്ചില്ലെങ്കിൽ ഇറാന്റെ നടപടി അവസാനിച്ചെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാൻ രണ്ട് മാസത്തോളം കാലമാണ് സംയമനം പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ക് അമേരിക്കയും രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്. ഹമാസ്, ഹിസ്ബുല്ല നേതാക്കളെ കൊലപ്പെടുത്തിയതിന്റെ മറുപടിയെന്നോണമാണ് ഇസ്രായേലിലേയ്ക്ക് മിസൈലാക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി.

ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈലാക്രമണം ഫലപ്രദമല്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രായേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*