പാകിസ്ഥാനില്‍ ഇറാന്‍റെ സർജിക്കൽ സ്ട്രൈക്ക്

പാകിസ്ഥാന്‍ :മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ തുടര്‍ന്ന് ഇറാന്‍. ഏറ്റവും ഒടുവിലായി പാകിസ്ഥാനില്‍ കടന്ന ഇറാന്‍ സേന, ജെയ്ഷ് അല്‍ അദ്‍ല്‍ എന്ന തീവ്രവാദ സംഘടനയുടെ കമാന്‍ഡർ ഇസ്മയില്‍ ഷഹബക്ഷിയെയും കൂട്ടാളികളെയും വധിച്ചതായി ഇറാന്‍ സർക്കാർ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇറാൻ ഇന്‍റർനാഷണൽ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു.  ഏതാണ്ട് ഒരു മാസം മുമ്പ് പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.  ഇത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്രബന്ധത്തെ ഏറെ ബാധിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് ഇറാന്‍ മറ്റൊരു ആക്രമണം കൂടി പാകിസ്ഥാന്‍റെ മണ്ണില്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 

2012-ൽ ഇറാന്‍റെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍ – ബലൂചിസ്ഥാന്‍ പ്രദേശത്ത് രൂപപ്പെട്ട സുനന്നി ഭീകരസംഘടനയാണ് ജെയ്ഷ് അല്‍ അദ്ല്‍ എന്ന് അല്‍ അറേബ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഈ സംഘടന ആര്‍‌മി ഓഫ് ജെസ്റ്റിസ് എന്നും അറിയപ്പെടുന്നു.  ഇറാന്‍ അതിര്‍ത്തിയിലെ പാക് പ്രദേശമായ ബലൂചിസ്ഥാന്‍ മേഖലയിലും ഇവരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.  കഴിഞ്ഞ ഡിസംബറില്‍ ഇറാന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ജെയ്ഷ് അല്‍ അദ്ല്‍ നടത്തിയിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.  സിസ്റ്റാന്‍ – ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഇറാന്‍റെ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 11 പേരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് ജെയ്ഷ് അല്‍ അദ്ല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 

ഇതിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളിലെ  ജെയ്ഷ് അല്‍ അദ്ന്‍റെ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഇറാന്‍ അപ്രതീക്ഷിത മിസൈല്‍ ആക്രമണം നടത്തിയിരുന്നു.  പിന്നാലെ പാക് – ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരസ്പരം സുരക്ഷാ സഹകരണം വിപുലീകരിക്കാൻ സമ്മതിച്ചതായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരു സൈനിക വക്താക്കളും അറിയിച്ചിരുന്നു.  എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതായി തെളിയിക്കുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.  ജനുവരി 16 ന് ഇറാന്‍ നടത്തിയ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  ഇതിന് പിന്നാലെ 18 -ാം തിയതി പാകിസ്ഥാന്‍ ഇറാനിലേക്ക് മിസൈല്‍ ആക്രമണം നടത്തി.  ഇറാൽ  നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്കെതിരെയാണ് ആക്രമണം എന്നായിരുന്നു പാകിസ്ഥാന്‍ അന്ന് പറഞ്ഞത്.  ഇറാന്‍റെ പുതിയ ആക്രമണത്തോട് പാകിസ്ഥാന്‍റെ പ്രതികരണം ഏങ്ങനെയാകുമെന്ന് കാത്തിരിക്കുകയാണ് ലോകം.  ഇതിനിടെ പാകിസ്ഥാനില്‍ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാനുള്ള സാധ്യതകള്‍ ഏറി.  മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ അനിയനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഷെഹ്ബാസ് ഷെരീഫാണ് പുതിയ പ്രധാനമന്ത്രി. 

Be the first to comment

Leave a Reply

Your email address will not be published.


*