കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിമര്‍ശിച്ച് ഹൈക്കോടതി. എന്താണ് ഈ കേസില്‍ ഇഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് ഇഡി വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്ക് തെളിവുണ്ടെന്നും ഇഡി നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു.
എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത്. അവര്‍ക്ക് എന്ത് ഉറപ്പ് കൊടുക്കും? ഒരു അന്വേഷണ ഏജന്‍സി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണം. കേസന്വേഷണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.
Be the first to comment