പദ്ധതികളിൽ ക്രമക്കേട്: കോട്ടയം ജില്ലയിൽ അഞ്ചിടത്ത് വിജിലൻസ് റെയ്‌ഡ്‌

കോട്ടയം: പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കോട്ടയം ജില്ലയിലെ  5 കേന്ദ്രങ്ങളിൽ പരിശോധന നടന്നു. മേലുകാവ് ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, വൈക്കം ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, കാഞ്ഞിരപ്പള്ളി ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസ്, ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

പട്ടിക വർഗകാർക്ക് വേണ്ടി സംസ്ഥാന പട്ടിക വർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യം, ഭവനം, തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയ ക്ഷേമ പ്രവർത്തന പദ്ധതികൾ അർഹരായവർക്ക് കിട്ടുന്നില്ലെന്നും അനുകൂല്യങ്ങൾ അനർഹർക്ക് ഉദ്യോഗസ്ഥർ നൽകുന്നതായും പരാതി ഉയർന്നിരുന്നു. ഇത്തരത്തിലുളള പല പദ്ധതികളും യഥാസമയം നടപ്പിലാക്കുന്നില്ലെന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന. നിർമാണം പൂർത്തിയാകാത്ത പദ്ധതിയുടെ പണി പൂർത്തിയായെന്ന് പറഞ്ഞു കരാറുകാരന് 20 ലക്ഷം രൂപ നൽകിയതുൾപ്പെടെ വൻ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.

കിഴക്കൻ മേഖല വിജിലൻസ് പോലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർമാരായ പ്രദീപ് എസ്, മഹേഷ് പിള്ള, രമേശ് ജി, സജു എസ് ദാസ്, അൻസിൽ ഇ എസ്, സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, ജാൻ, വി എം പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Be the first to comment

Leave a Reply

Your email address will not be published.


*