
ആരോഗ്യമുള്ള ശരീരത്തിന് മധുരം എന്നും ഒരു വില്ലൻ റോളിലാണ് പ്രത്യക്ഷപ്പെടുക. മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതോടെ കടുത്ത മധുര പ്രേമികള്‍ക്ക് പോലും മധുരത്തോട് ‘നോ’ പറയേണ്ട അവസ്ഥയാണ്.
എന്നാല്‍ മധുരത്തോട് തീരെ മുഖം തിരിക്കുന്ന നടപടിയും ശരിയല്ലതാനും. മധുരം ഡോപാമൈൻ, ഒപിയോയിഡുകൾ തുടങ്ങിയ ഹോർമോണുകളെ ഉൽപാദിപ്പിക്കാൻ സഹായിക്കും. ഇത് തലച്ചോറിനെ സ്വാധീനിക്കുകയും നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പേശികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിന് ഗ്ലൂക്കോസ് ആവശ്യമാണ്.
മധുരമല്ല, മധുരം ശരിയായ രീതിയില്‍ കഴിക്കാത്തതാണ് പലരും നിത്യ രോഗികളാകാന്‍ കാരണമാകുന്നത്. അമിതമായി മധുരം കഴിക്കുമ്പോള്‍ അധികമാകുന്ന ഗ്ലൂക്കോസ് കരളിലും പേശികളിലും അടിഞ്ഞു കൂടുന്നു. ഇത് ഫാറ്റി ലിവർ, ഇൻസുലിൻ പ്രതിരോധം, മെറ്റബോളിക് സിൻഡ്രോം, ശരീരഭാരം വർധിക്കുക പോലുള്ളവയിലേക്ക് നയിച്ചേക്കും.
‘അമിതമായാല്‍ അമൃതും വിഷം’- എന്ന് പറയുന്നതു പോലെയാണ് മധുരത്തിന്‍റെ കാര്യവും. നിത്യരോഗിയാകാതിരിക്കാന്‍ അമിതമായി മധുരം കഴിക്കാതിരിക്കുക എന്നതാണ് പ്രധാനം. കൂടാതെ പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഫ്രക്ടോസ്, പാലുൽപ്പന്നങ്ങളിൽ കാണപ്പെടുന്ന ലാക്ടോസ്, ഈന്തപ്പഴങ്ങളിലും/അത്തിപ്പഴങ്ങളിലും പോലുള്ളവയിൽ അടങ്ങിയിരിക്കുന്ന സുക്രോസും പോലുള്ള പ്രകൃതിദത്ത പഞ്ചസാര തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിൽ ഗ്ലൂക്കോസ്, ഗാലക്ടോസ് എന്നിവയായി വിഘടിക്കുന്നു.
മധുരം കഴിക്കാന്‍ പകല്‍ സമയമാണ് ഏറ്റവും മികച്ച നേരം. പകല്‍ സമയത്തെ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ അമിതമായ കലോറി കത്തിച്ചു കളയാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാതെയും സൂക്ഷിക്കും.
വ്യായമത്തിന് ശേഷമോ ഉച്ചഭക്ഷണത്തിന് ശേഷമോ അല്‍പം മധുരം കഴിക്കുന്നതില്‍ തെറ്റില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ പ്രോട്ടീൻ, നാരുകൾ അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം മധുരം കഴിക്കാന്‍ ശ്രമിക്കുക. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കാതെ സൂക്ഷിക്കാം.
അതേസമയം രാവിലെ എഴുന്നേറ്റ ഉടന്‍ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം. രാത്രി നീണ്ട വിശ്രമത്തിന് ശേഷം മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാന്‍ കാരണമാകും. അതുപോലെ ഉറങ്ങാൻ പോകുന്നതിനു മുമ്പും മധുര പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഉറങ്ങുമ്പോള്‍ സ്വാഭാവികമായും ശരീരത്തിലെ മെറ്റാബോളിസം മന്ദഗതിയിലാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും.
Be the first to comment