ആമസോണും ഗൂഗിളുമുൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് വ്യവസായികാവശ്യങ്ങൾക്കുള്ള സന്ദേശങ്ങൾ എസ്എംഎസ് വഴിയല്ലാതെ വാട്സാപ്പിലൂടെ നൽകുന്നതിൽ പ്രതിഷേധിച്ച് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ). എസ്എംഎസിനു പകരം വാട്സാപ്പ് ഉപയോഗിക്കുന്നത് വമ്പിച്ച നഷ്ടമാണ് ഉണ്ടാക്കിയതെന്ന് എയർടെലും റിലയൻസും വിഐയും ഉൾപ്പെടുന്ന സേവനദാതാക്കളുടെ സംഘടന കേന്ദ്ര ടെലികോം മന്ത്രാലയത്തിനെഴുതിയ കത്തിൽ പറയുന്നു.
നിയമപരമായ രീതികളെ അട്ടിമറിച്ചുകൊണ്ടാണ് ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ മാർക്കറ്റിങ് വെബ്സൈറ്റുകൾ തങ്ങളുടെ സന്ദേശങ്ങൾ വാട്സാപ്പ് വഴി അയയ്ക്കുന്നതെന്നതാണ് സേവനദാതാക്കളുടെ വാദം. ഇതിലൂടെ 3000 കോടി രൂപയുടെ നഷ്ടമാണ് സേവനദാതാക്കൾക്കുണ്ടായത് എന്നാണ് കണക്കാക്കുന്നത്.
എന്നാൽ കാര്യങ്ങൾ സ്വാഭാവികമായി ഇന്ത്യൻ ടെലികോം കമ്പനികളുടെ വഴിക്കുതന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കണോമിക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതനുസരിച്ച് ആമസോണും ഗൂഗിളുമുൾപ്പെടെയുള്ള വലിയ കമ്പനികൾ ഒറ്റത്തവണ പാസ്‍വേർഡ് (ഒടിപി) അയയ്ക്കുന്നതിന് ഇപ്പോൾ ഉപയോഗിക്കുന്നത് എസ്എംഎസ് തന്നെയാണ്. അതിനു കാരണം ഏറ്റവുമൊടുവിൽ വാട്സാപ്പിന്റെയും ഫേസ്ബുക്കിന്റേയും മാതൃകമ്പനിയായ മെറ്റ അവരുടെ സേവനങ്ങൾക്കുമേൽ വലിയ തുക ഈടാക്കാൻ തീരുമാനിച്ചതാണ്.
ഈ മാറ്റം ഇന്ത്യൻ ടെലികോം കമ്പനികളുടെ അന്താരാഷ്ട്ര എസ്എംഎസ് സേവനങ്ങളിൽ വലിയ വർധനവാണ് വരുത്തിയത്. 50 മുതൽ 70 ശതമാനം വരെ വർധനവുണ്ടായതായാണ് കണക്കാക്കുന്നത്. എന്നാൽ ഇപ്പോഴും ഏറ്റവും വലിയ സേവനദാതാക്കളായി മെറ്റ തന്നെയാണുള്ളത്. ടെലികോം കമ്പനികൾ നൽകുന്ന എസ്എംഎസ്, വോയിസ് കോൾ സംവിധാനങ്ങൾ കൂടുതൽ സുരക്ഷ നൽകുന്നു എന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. അതിനാൽ ഇപ്പോൾ മറ്റു സേവനങ്ങളിലേക്ക് പോയാലും പിന്നീട് എസ്എംഎസിലേക്ക് തിരിച്ചു വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാട്സാപ്പ് ഈ മാർച്ചിലാണ് ‘ഓഥന്റിക്കേഷൻ ഇന്റർനാഷണൽ’ എന്ന പ്രത്യക വിഭാഗം അവതരിപ്പിക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തിൽ ഒടിപി പോലുള്ള രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതിന് വേണ്ടിയാണ് ഈ മെസേജ് സംവിധാനം അവതരിപ്പിച്ചത്. ഒരു മെസ്സേജിന് 2.3 രൂപ വെച്ചാണ് ഈ സംവിധാനത്തിന് മെറ്റ ചാർജ് ചെയ്യുന്നത്.
Be the first to comment