നാവിന് നിറ വ്യത്യാസമുണ്ടോ? തിരിച്ചറിയാം ആരോഗ്യപ്രശ്‌നങ്ങളെ

നാവിലുണ്ടാകുന്ന നിറവ്യത്യസം അവഗണിക്കരുത്. ഇത് ആരോഗ്യത്തെ കുറിച്ചുള്ള പ്രധാന സൂചനകൾ മുൻകൂട്ടി കാണിച്ചുതരുന്നു. ആരോഗ്യമുള്ള നാവ് സാധാരണ പിങ്ക് നിറത്തിലാണ് കാണപ്പെടാറ്. ഒപ്പം നേരിയ വെള്ള നിറവും കാണപ്പെടുന്നു.

കെരാറ്റിൽ എന്ന സംരക്ഷിത പ്രോട്ടീൻ കൊണ്ടാണ് വെള്ള നിറത്തിലെ കോട്ടിങ് നിർമിച്ചിരിക്കുന്നത്. ഇത് ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നാവിനെ സംരക്ഷിക്കുന്നു. പാപ്പില്ലകള്‍, രുചി മുകുളങ്ങള്‍, മ്യൂക്കസ് മെംബറേന്‍ തുടങ്ങിയവ അടങ്ങിയതാണ് നാവ്.

രുചി അറിയുന്നതിനും ആഹാരം വിഴുങ്ങുന്നതിനായി രൂപപ്പെടുത്താനും ചൂട്, സ്‌പർശനം എന്നിവ തിരിച്ചറിയാനും നാവിലെ ഈ മുകുളങ്ങളാണ് സഹായിക്കുന്നത്. എന്നാൽ നിങ്ങളുടെ നാവിന് നിറവ്യത്യാസം കാണപ്പെടുന്നുണ്ടെങ്കിൽ അത് ആരോഗ്യപ്രശ്‌നത്തെ സൂചിപ്പിക്കുന്നു.

1.തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറം 

നാവിലെ ഫിലിഫോം പാപ്പില്ലകളുടെ നീളം വർധിക്കുകയും നിറവ്യത്യാസം ഉണ്ടാകുമ്പോഴും നാവിൽ കറുത്ത നിറം കാണപ്പെടുന്നു. വായിലെ ശുചിത്വമില്ലായ്‌മ, പുകവലി, കാപ്പി, കട്ടൻ ചായ എന്നിവയുടെ അമിത ഉപയോഗം, മരുന്നുകളുടെ പാർശ്വഫലം എന്നിവ മൂലമാണ് കറുത്ത നാവ് (Black hairy tongue) രൂപപ്പെടാൻ കാരണമാകുന്നത്.

2.കട്ടിയുള്ള വെളുത്ത നിറം

പ്രമേഹം, എച്ച്ഐവി, ആന്‍റിബയോട്ടിക് ഉപയോഗം എന്നിവ കാരണമുണ്ടാകുന്ന ത്രഷ് എന്ന യീസ്റ്റ് അണുബാധയെ ഇത് സൂചിപ്പിക്കുന്നു. നാവിൽ കട്ടിയുള്ള വെള്ള പാടുകൾ കണ്ടുവരുന്നത് ചിലപ്പോൾ വായിലെ കാൻസറിനെയും സൂചിപ്പിക്കുന്നു.

3.കടും ചുവപ്പ് നിറം

വിറ്റാമിൻ ബി 12 ന്‍റെ കുറവിനെ സൂചിപ്പിക്കുകയോ സ്‌കാർലറ്റ് പനി പോലെയുള്ള അണുബാധയുടെ ഭാഗമായോ നാവിൽ കടും ചുവപ്പ് നിറം കണ്ടുവരുന്നു. എന്നാൽ നാവിലെ മറ്റുഭാഗങ്ങളിലേക്ക് പടരുന്ന ഈ ചുവപ്പ് പാടുകൾ നിരുപദ്രവകാരികളാണ്. ഈ അവസ്ഥയെ പൊതുവെ ജിയോഗ്രാഫിക് ടങ് എന്നാണ് വിളിക്കാറ്.

4.വിളറിയ നിറം

അനീമിയ അല്ലെങ്കില്‍ അയണിന്‍റെ അളവ് കുറയുന്നതിന്‍റെ പ്രധാന ലക്ഷണമാണ് വിളറിയ നാവ്. കൃത്യമായി പോഷണം ലഭിക്കാത്തതു കാരണവും നാവ് വിളറിയ അവസ്ഥയിൽ കാണപ്പെടുന്നു.

5.നീല നിറം

രക്തത്തില്‍ ഓക്‌സിജന്‍റെ അളവ് കുറയുമ്പോഴാണ് നാവിൽ നീല നിറം പ്രത്യക്ഷപ്പെടുന്നത്. രക്തത്തില്‍ ഓക്‌സിജന്‍റെ അളവിൽ വരുന്ന ഈ മാറ്റം സയനോസിസ്, കര്‍ഡിയോ വാസ്‌കുലാര്‍ എന്നീ രോഗങ്ങളിലേക്കും നയിക്കും.

6.വേദനയുണ്ടാക്കുന്ന വ്രണങ്ങൾ

വായിൽ കാണപ്പെടുന്ന ചുവപ്പ് അല്ലെങ്കിൽ മഞ്ഞ വ്രണങ്ങൾ ത്രഷ്, കാൻസർ വ്രണങ്ങൾ, വായിലെ അർബുദം എന്നിവയേയും സൂചിപ്പിക്കുന്നു.

നാവിന്‍റെ ആരോഗ്യ സംരക്ഷണം

വായിൽ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ബാക്‌ടീരിയയെ നശിപ്പിക്കാനും ഭക്ഷണാവശിഷ്‌ടം നീക്കം ചെയ്യാനുമായി പല്ലുകൾക്കൊപ്പം നാവും വൃത്തിയാക്കുക. പനി, തൊണ്ടവേദന പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം നാവിൽ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ നിങ്ങളുടെ ഡോക്ട്ടറെയോ ദന്തഡോക്‌ടറെയോ സമീപിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*