
യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഇസ്രയേൽ. ഇറാന്റെ ആക്രമണത്തെ ഗുട്ടറസ് അപലപിച്ചില്ലെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ അസാധാരണ നടപടി. അതേസമയം, ഇറാന്റെ ആക്രമണത്തോട് കരുതലോടെ പ്രതികരിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ലെബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന് യു എൻ സെക്രട്ടറി അന്റോണിയോ ഗുട്ടാറസ് ശക്തമായ നിലപാട് സ്വീകരിച്ചതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ചരിത്രത്തിലെ കറയെന്ന് വിശേഷിപ്പിച്ചാണ് അന്റോണിയോ ഗുട്ടാറസിനെ ഇസ്രയേൽ വിലക്കിയത്. ഇറാൻ നടത്തിയ മിസൈൽ വർഷത്തിലെ നടുക്കം വിട്ടുമാറും മുമ്പാണ് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലിനെതിരെ ഇസ്രയേൽ തിരിഞ്ഞത്. യു എൻ സെക്രട്ടറി ജനറൽ ഇസ്രയേൽ വിരുദ്ധനാണെന്നും ഭീകരവാദികളെയും കൊലപാതകികളെയും പിന്തുണക്കുന്നെന്നുമാണ് വിമർശനം.
ഇന്നലെ ഇറാന്റെ വിപ്ലവസേന ടെൽ അവീവ് ജെറുസലേം നഗരങ്ങളിലെ ലക്ഷ്യമിട്ട് ഇരുന്നൂറോളം മിസൈലുകൾ തൊടുത്തെങ്കിലും ഇതുവരെയും ഇസ്രയേൽ തിരിച്ചടിച്ചിട്ടില്ല. ജനവാസകേന്ദ്രങ്ങളായിരുന്നില്ല, മൊസാദ് ഉൾപ്പെടെ ഇസ്രയേലിന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ വർഷം. മറുപടി കരുതലോടെ മതിയെന്നാണ് ഇസ്രയേൽ ക്യാബിനറ്റിന്റെ തീരുമാനം.
എണ്ണശുദ്ധീകരണശാലകളും ആണവനിലയങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഇസ്രയേൽ ആലോചന. ഇറാന്റെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ വീണ്ടും ഒറ്റപ്പെടുമെന്ന ആശങ്ക ഇസ്രയേലിനുണ്ട്. ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇസ്രയേലിന് നേരെ ഇറാന്റെ നേരിട്ടുള്ള ആക്രമണം. ഗസയിലും ലെബനനിലും യുദ്ധമുന്നറിയിപ്പുകൾ നൽകാത്ത അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രയേലിന്റെ കാര്യത്തിൽ മാത്രം പുലർത്തുന്ന ജാഗ്രതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
Be the first to comment