ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍; ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം

ഒക്ടോബര്‍ 7 ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്.

പ്രദേശത്തെ ഹമാസിന്റെ കേന്ദ്രം തകര്‍ത്തെന്നും ബിയാരിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ ഭീകരരെ വധിച്ചെന്നും ഐഡിഎഫ് എക്‌സിലൂടെ അറിയിച്ചു. സാധാരണക്കാര്‍ അവരുടെ സുരക്ഷയ്ക്കായി തെക്കൻ പ്രദേശങ്ങളിലേക്ക് മാറണമെന്നും സേന ആവര്‍ത്തിച്ചു. അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ബിയാരിക്ക് പുറമെ കുറഞ്ഞത് 50 പലസ്തീനികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ചികിത്സിക്കാനും ആശുപത്രി ഇടനാഴികളില്‍ ഓപ്പറേഷന്‍ റൂമുകള്‍ സ്ഥാപിക്കാനും ഡോക്ടര്‍മാര്‍ പാടുപെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ ഗാസയില്‍ ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ 8000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള കണക്ക്.14 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം ഹമാസിനെ ഇല്ലാതാക്കുന്നത് വരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. 

ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയ പ്രഖ്യാപിച്ചു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചാണ് പ്രഖ്യാപനം. ബൊളീവിയയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം തകരുന്നത് ഇതാദ്യമായല്ല. 2009ല്‍ ഗാസ മുനമ്പിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ 2020-ല്‍ പ്രസിഡന്റ് ജീനിന്‍ അനസിന്റെ സര്‍ക്കാര്‍ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*