വെടിനിർത്തൽ കരാർ നിർദേശം മുന്നോട്ടു വെച്ച് ഇസ്രായേൽ; ഖത്തർ മുഖേന നിർദേശം ഹമാസിന് കൈമാറി

വാഷിങ്ടൺ: സമഗ്ര വെടിനിർത്തൽ കരാർ നിർദേശം ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മൂന്നു ഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഹമാസിന് ഇസ്രായേൽ കൈമാറിയതായി ബൈഡൻ അറിയിച്ചു. നിർദേശം ഹമാസ് അംഗീകരിച്ചില്ലെങ്കിൽ ആക്രമണം തുടരും എന്നാണ് ഇസ്രായേൽ അറിയിച്ചതെന്നും ബൈഡൻ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളാണ് വെടിനിർത്തൽ നിർദേശത്തിൽ ഉളളത്. ആറാഴ്ച നീണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ സമ്പൂർണ വെടിനിർത്തൽ ഇസ്രായേൽ മുന്നോട്ടുവെക്കുന്നു. ഫലസ്തീനികൾക്ക് വസതികളിലേക്ക് മടങ്ങാൻ അവസരം. രണ്ടാം ഘട്ടത്തിൽ സൈനികർ ഉൾപ്പെടെ മുഴുവൻ ബന്ദികളുടേയും കൈമാറ്റം. മൂന്നാം ഘട്ടത്തിൽ ഗാസ്സയുടെ പുനർനിർമാണം. ലോകതലത്തിൽ ഇസ്രായേലിന്റെ ഒറ്റപ്പെടൽ പ്രശ്നമാണെന്ന് ബൈഡൻ പറഞ്ഞു.

എന്നാൽ, യുദ്ധം അവസാനിച്ചാൽ ഹമാസിനെ ഒഴിവാക്കി പാശ്ചാത്യ-അറബ് പിന്തുണയുള്ള മറ്റൊരു ഭരണകൂടത്തെ ഗാസ്സയുടെ ചുമതല ഏൽപിക്കുമെന്ന ഇസ്രായേൽ അവകാശവാദത്തെ തള്ളിക്കളഞ്ഞ് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മാഈൽ ഹനിയ്യ രംഗത്തെത്തിയിരുന്നു. യുദ്ധാനന്തരം ഹമാസിനെ ഒഴിവാക്കാൻ ഫലസ്തീൻ ജനത സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ദിമോചനക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് മാറ്റമില്ലെന്നും ഹനിയ്യ പറഞ്ഞു. വർഷങ്ങളായി ഇസ്രായേൽ പിടികൂടി തടങ്കിലടച്ച മുഴുവൻ ഫലസ്തീനികളെയും വിട്ടയച്ചാൽ മാത്രമേ ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ സൈനികരടക്കമുള്ളവരെ വിട്ടയക്കൂ. കൂടാതെ ഗാസ്സയിൽനിന്ന് ഇസ്രായേൽ സേന പൂർണമായി പിൻവാങ്ങുകയും സമ്പൂർണ വെടിനിർത്തൽ നടപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*