ഗാസയില്‍ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; അഞ്ഞുറിലധികം മരണം, ആഗോളതലത്തിൽ പ്രതിഷേധം

ഗാസയിലെ അല്‍അഹ്ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തില്‍ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു ഗാസയിലെ അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് നേരെ ആക്രമണം ഉണ്ടായത്. 2008ന് ശേഷം ഇസ്രയേലിന്റെ ഒരു ആക്രമണത്തില്‍ ഏറ്റവുമധികം പേർ കൊല്ലപ്പെടുന്ന സംഭവമായി ഇത് മാറിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ആശുപത്രിയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് ടെലഗ്രാമില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. ആക്രമണം ബാധിക്കപ്പെട്ടവരുടെ എണ്ണം ആശുപത്രികള്‍ക്ക് താങ്ങാനാകുന്നതിലും അധികമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ആശുപത്രികളുടെ വരാന്തകളിലും മറ്റുമായാണ് ഡോക്ടർമാർ ശസ്ത്രക്രിയകള്‍ നടത്തുന്നത്. നിരവധി പേർക്ക് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ കുറവ് വൈകാതെ നേരിടുമെന്നും വക്താവ് അറിയിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരെ ആഗോളതലത്തില്‍ മാനവികത ഒന്നിച്ചുനില്‍ക്കണമെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹൊസെയിന്‍ അമിറാബ്ദൊല്ലാഹിയന്‍ ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഹൊസൈന്‍ പറഞ്ഞു.

അതേസമയം, ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേൽ തള്ളി. പലസ്തീനിൽ നിന്നുള്ള ഇസ്‌ലാമിക് ജിഹാദ് തൊടുത്ത മിസൈൽ വഴിതെറ്റി വീണാണ് ആശുപത്രിയിൽ സ്ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം.

 

Be the first to comment

Leave a Reply

Your email address will not be published.


*