ഹമാസ് നേതാവിൻ്റെ മക്കളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തി ഇസ്രയേല്‍ സൈന്യം

ഹമാസ് നേതാവിൻ്റെ മക്കളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തി ഇസ്രയേല്‍ സൈന്യം. വടക്കന്‍ ഗസ്സയിലെ ഷാതി അതിര്‍ത്തിയിലാണ് ഇസ്മയില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. ഈദ് ദിനത്തില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഇസ്രയേലിൻ്റെ വ്യോമാക്രമണം. ഹനിയ്യ തന്നെയാണ് വ്യോമാക്രമണത്തെ കുറിച്ച് അല്‍ജസീറയോട് സ്ഥിരീകരിച്ചത്. ഹനിയ്യയുടെ മക്കളായ ഹസിം, ആമിര്‍, മുഹമ്മദ് എന്നിവരും ഇവരുടെ മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. രക്തസാക്ഷികളിലൂടെയും പരുക്കേറ്റവരിലൂടെയും രാജ്യത്തിനും ജനങ്ങള്‍ക്കും സ്വാതന്ത്ര്യം നേടിയെടുക്കാനും പുതിയൊരു ഭാവി വിഭാവനം ചെയ്യാനും കഴിയുമെന്ന് ഹനിയ്യ മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതുമുതല്‍ ഹനിയ്യയുടെ കുടുംബത്തില്‍ അറുപത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വംശീയ ഉന്മൂലനവും വംശഹത്യയും നടക്കുന്ന യുദ്ധ ഭൂമിയില്‍ ഇസ്രയേല്‍ എല്ലാ വിധ മാനദണ്ഡങ്ങളും ലംഘിക്കുന്നതായും ഹനിയ്യ പറഞ്ഞു. ഇസ്രായേല്‍ -ഹമാസ് യുദ്ധം ആരംഭിച്ചതുമുതല്‍ 33,400 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയ്ക്ക് മേല്‍ കഠിനമായ ഉപരോധമാണ് ഇസ്രായേല്‍ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്രയേലിലും ഗസ്സയിലുമായി രണ്ട് ദശലക്ഷത്തിലധികം ജനങ്ങള്‍ യുദ്ധം മൂലം പട്ടിണിയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*