ലെബനൻ ജനതയ്ക്ക് നേരെ കൊലവിളിയുമായി നെതന്യാഹു; ഗാസയുടെ അവസ്ഥവരുമെന്ന് മുന്നറിയിപ്പ്

ഹിസ്ബുള്ളയെ പുറന്തള്ളിയില്ലെങ്കില്‍ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നിങ്ങളുടെ രാജ്യത്തെ ഹിസ്ബുള്ളയില്‍ നിന്ന് മോചിപ്പിച്ചാല്‍ മാത്രമെ ഈ യുദ്ധം അവസാനിക്കുകയുള്ളെന്നും നെതന്യാഹും ലെബനൻ ജനതയോട് നിർദേശിച്ചു. തെക്ക്-പടിഞ്ഞാറൻ ലെബനനിലേക്ക് ആയിരക്കണക്കിന് ട്രൂപ്പുകളെ വിന്യസിച്ച് അധിനിവേശം വിപൂലികരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നെതന്യാഹുവിന്റെ വാക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50 ഹിസ്ബുള്ള അംഗങ്ങളെ വ്യോമാക്രമണത്തിലൂടെ വധിച്ചെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അതേസമയം, 36 പേർ കൊല്ലപ്പെട്ടതായാണ് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 150 പേർക്ക് പരുക്കേറ്റതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഹിസ്ബുള്ളയുടെ മുൻ നേതാവായിരുന്നു ഹസൻ നസറള്ളയുടെ പിൻഗാമികളെ ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) കൊലപ്പെടുത്തിയതായും നെതന്യാഹു അവകാശപ്പെട്ടു. ഹാഷിം സഫീദ്ദീന്റെ മരണം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഐഡിഎഫ് അറിയിക്കുന്നത്. മൂന്ന് ആഴ്ചയായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 1,400 പേർ കൊല്ലപ്പെട്ടതായും 12 ലക്ഷത്തോളം പേർ പലായനം ചെയ്തതായുമാണ് ലെബനൻ അധികൃതർ അറിയിക്കുന്നത്. തിരിച്ചടികളില്‍ നിന്ന് ഹിസ്ബുള്ള മുക്തമായതായി നസറള്ളയുടെ മുൻ ഡെപ്യൂട്ടിയായ നായി കാസിം പറഞ്ഞു.

അതേസമയം, ഇന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവുമായി ഫോണ്‍ സംഭാഷണം നടത്തിയേക്കുമെന്നാണ് ആക്സിയോസിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചർച്ച ചെയ്യാനാണ് ഫോണ്‍ സംഭാഷണമെന്ന സൂചനയുമുണ്ട്. ഗാസ, ലെബനൻ സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തേക്കും. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല.

മിഡില്‍ ഈസ്റ്റിലെ യുദ്ധം ഒഴിവാക്കുന്നതിനായി നെതന്യാഹുവുമായി സംസാരിക്കുമെന്ന് കഴിഞ്ഞ മാസം ബൈഡൻ പറഞ്ഞിരുന്നെങ്കിലും അത് സംഭവിച്ചിരുന്നില്ല.

ലെബനനില്‍ നടക്കുന്ന സംഘർഷത്തിന്റെ പ്രത്യാഘാതം ദുരന്തസമാനമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലന സേനയുടെ തലവൻ പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 12 ലക്ഷം പേരാണ് പലായനം ചെയ്തതെന്നും ലെബനൻ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. 1.80 ലക്ഷം പേർ അഭയാർത്ഥി കേന്ദ്രങ്ങളിലും കഴിയുന്നു. യുദ്ധത്താല്‍ ബാധിക്കപ്പെട്ട സിറിയയിലേക്ക് നാല് ലക്ഷം പേരാണ് പലായനം ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ട് ലക്ഷത്തിലധികം പേർ സിറിയൻ അഭയാർത്ഥികളാണ്.

ജനങ്ങളുടെ വിശപ്പടക്കാൻ ലെബനന് സാധിക്കുമോയെന്നകാര്യത്തില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ആശങ്കയറിയിച്ചിട്ടുണ്ട്. കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടതാണ് ഇതിനുപിന്നിലെ കാരണം. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

നസറുള്ളയുടെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന സഫീദ്ദീന്റെ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ചയാണ് സഫീദ്ദീനെ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*