അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഐഎസ്ആർഒ. ഈ നൂറ്റാണ്ടിൽ രണ്ടു തവണ ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്തെത്തും. ഭൂമിയിൽ ഇടിച്ചാൽ വംശനാശം വരെ സംഭവിക്കാമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഛിന്നഗ്രഹത്തെ വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകും.
നേരത്തെ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയുണ്ടെന്ന് നാസ വ്യക്തമാക്കിയിരുന്നു. അത്യന്തം അപകാരിയായ അപ്പോഫിസ് എന്ന ഛിന്നഗ്രഹം 2029 ഏപ്രിൽ 13 നും വീണ്ടും 2036 ലും ഭൂമിക്ക് തൊട്ടടുത്തെത്തുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കിയത്. 370 മീറ്റർ വ്യാസമുള്ള ഛിന്നഗ്രഹത്തിനു ഭൂമിയിൽ കൂട്ടവംശനാശം ഉണ്ടാക്കാനുള്ള ശേഷിയുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയാണെങ്കിൽ അതിന്റെ ആഘാതം മൂലം മിക്ക ജീവജാലങ്ങളും നശിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ചൂണ്ടിക്കാണിക്കുന്നു.
അത്തരമൊരു ആഘാതമാണ് ദിനോസറുകളുടെ വംശനാശത്തിനു കാരണമായതെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ ഛിന്നഗ്രഹങ്ങളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ്ആർഒയും ഇക്കാര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.’’70 -80 വര്‍ഷം വരെയാണ് മനുഷ്യരുടെ സാധാരണ നിലയിലുള്ള ആയുസ്. ഇക്കാലയളവിനിടെയിലെ ജീവിതത്തില്‍ ഇത്തരമൊരു ദുരന്തത്തിന് നാം സാക്ഷിയാകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇവയൊന്നും സാധ്യമല്ലെന്ന് നാം ധരിക്കുന്നു. എന്നാല്‍ ചരിത്രം പരിശോധിച്ച് നോക്കൂ.
ഇത്തരത്തില്‍ ഛിന്നഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി കൂട്ടുമുട്ടുന്നതൊക്കെ സാധാരണമാണ്. ഒരു ഛിന്നഗ്രഹം വ്യാഴവുമായി കൂട്ടിയിടിക്കുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിഭാസം ഭൂമിയില്‍ സംഭവിക്കുന്നത് മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കും. ഇതെല്ലാം സാധ്യതകളാണ്. നാം അതിനായി തയാറെടുത്തിരിക്കണം. നമ്മുടെ ഭൂമിയ്ക്ക് ഇങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല നാം. മനുഷ്യനും ജീവന്റെ എല്ലാ കണികയും ഇവിടെ നിലനില്‍ക്കണമെന്നാണ് നമ്മുടെ ആഗ്രഹം. എന്നാല്‍ മേല്‍പ്പറഞ്ഞ പോലെയുള്ള പ്രതിഭാസത്തെ ചെറുക്കാന്‍ ഒരുപക്ഷേ നമുക്കായെന്ന് വരില്ല.
അതിനെതിരെയുള്ള ബദല്‍ മാര്‍ഗങ്ങളെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. അതായത് അത്തരം ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുന്നതിനെ നേരത്തെ കണ്ടെത്തി അതിന്റെ ഗതി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യ അവലംബിക്കണം. ചിലപ്പോള്‍ ഇത് അസാധ്യമായേക്കാം. അതിനായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കണം,‘‘എസ് സോമനാഥ് പറഞ്ഞു. സമീപ വർഷങ്ങളിൽ നടത്തിയ ഛിന്നഗ്രഹ പര്യവേക്ഷണങ്ങളും നിരവധി ശാസ്ത്രീയ ദൗത്യങ്ങളും ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള ധാരണ നേരത്തേയുള്ളതിൽനിന്ന് ഉയർത്തിയിട്ടുണ്ട്. ഭൂമിയുടെ സംരക്ഷണത്തിനായി കേന്ദ്രീകൃത പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു.
Be the first to comment