മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള നിര്‍ണായക പരീക്ഷണം; വിജയവുമായി ഐഎസ്ആര്‍ഒ

ഭൂമിക്കു പുറത്തു മറ്റൊരു ആകാശഗോളത്തിലേക്കയച്ച ദൗത്യ പേടകം  തിരികെ ഭൂമിയുടെ  ഭ്രമണ പഥത്തിൽ എത്തിക്കുന്ന പരീക്ഷണവും സമ്പൂർണ വിജയം. ചന്ദ്രയാൻ മൂന്നു ദൗത്യ പേടകത്തിന്റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന്  തിരികെ  ഭൂമിയുടെ ഭ്രമണപഥത്തിൽ  എത്തിച്ച്‌  ഐ എസ് ആർ ഒ. ബെംഗളൂരുവിലെ യു ആർ അനന്തറാവു സാറ്റ്‌ലൈറ്റ്‌ സെന്റെറിൽ നിന്നാണ് ഇതിനുള്ള നിർദേശങ്ങൾ  പ്രൊപ്പൽഷൻ മൊഡ്യുളിനു ശാസ്ത്രജ്ഞർ  നൽകിയത്.

ചന്ദ്രയാൻ 3 ദൗത്യം അവസാനിച്ചിട്ടും  പേടകത്തിൽ അവശേഷിച്ച 100 കിലോഗ്രാം ഇന്ധനം പ്രയോജനപ്പെടുത്തി രണ്ടു തവണയായി ഭ്രമണപഥം ഉയർത്തിയാണ് പേടകത്തെ  തിരികെ ഭൂമിയിലേക്കുള്ള പ്രയാണത്തിന് സജ്ജമാക്കിയത്. ഭാവിയിൽ ചന്ദ്രോപരിതലത്തിൽ ആളെ ഇറക്കുകയും തിരികെ ഭൂമിയിലെത്തിക്കുകയും ചെയ്യുന്ന ദൗത്യ പദ്ധതിക്ക്  ആത്മവിശ്വാസം കൂട്ടുന്നതാണ്  ഐ എസ്‌ ആർ ഒ നടത്തിയ ഈ പരീക്ഷണം.

ഇപ്പോൾ പേടകം ഭൂമിയിൽ നിന്ന് 1.5 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലാണ്‌ സഞ്ചരിക്കുന്നത്. പേടകത്തിലെ പേ ലോഡായ ഷേപ്പ്ൻ്റെ പരീക്ഷണങ്ങൾ ഇന്ധനം തീരും വരെ  ഇവിടെ തുടരും. ഭൂമിക്കു പുറത്തു വാസയോഗ്യമായ ഗ്രഹങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന പെലോഡാണ്‌  ഷേപ്. 

കഴിഞ്ഞ ജൂലൈ 14 ന്  ആയിരുന്നു ശ്രീഹരിക്കോട്ടയിൽ നിന്ന് എൽ വി എം -3 റോക്കറ്റിൻ്റെ സഹായത്തോടെ ചന്ദ്രയാൻ 3 ദൗത്യ പേടകം വിക്ഷേപിച്ചത്. ഘട്ടം ഘട്ടമായി ഭ്രമണ പഥം ഉയർത്തിയായിരുന്നു  പേടകത്തെ ഭൂമിയുടെ ആകർഷണ വലയം കടത്തി ചന്ദ്രനിലേക്കു തിരിച്ചു വിട്ടത്. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവയടങ്ങുന്നതായിരുന്നു ചാന്ദ്ര ദൗത്യ പേടകം. ഭ്രമണ പഥം സമയാസമയങ്ങളിൽ താഴ്ത്തിയായിരുന്നു  പേടകത്തെ ചന്ദ്രോപരിതലത്തിനു തൊട്ടു മുകളിലത്തെ ഭ്രമണ പഥം വരെ എത്തിച്ചത്. 

തുടർന്ന്  പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ മൊഡ്യൂൾ വേർപെടുകയും  ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയും ചെയ്തു.  ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ വഴി ആയിരുന്നു  ചന്ദ്രോപരിതലത്തിലിറങ്ങിയ ലാൻഡറും റോവറും ഭൂമിയിലെ ഐ എസ്‌ ആർ ഒ ആസ്ഥാനവുമായി ആശയ വിനിമയം നടത്തി കൊണ്ടിരുന്നത്. 14 ദിവസങ്ങൾ കൊണ്ട് ദൗത്യ കാലാവധി അവസാനിച്ചെങ്കിലും ഇന്ധനം അവസാനിക്കാതെ കർമനിരതനായിരുന്നു ഇത്ര നാളും പ്രൊപ്പൽഷൻ മൊഡ്യുൾ. ഇതോടെയാണ്  പേടകത്തെ  ഭൂമിയുടെ  ഭ്രമണ പഥത്തിൽ  തിരികെ കൊണ്ടുവരാനുള്ള ശ്രമം  ശാസ്ത്രജ്ഞർ നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*