ശ്രീഹരിക്കോട്ടയില്‍ 100-ാം വിക്ഷേപണം; ചരിത്ര നേട്ടത്തിനായി കൗണ്ട്ഡൗണ്‍ തുടങ്ങി ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നൂറാമത് വിക്ഷേപണത്തിനായി തയാറെടുത്ത് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ജിഎസ്എല്‍വി- എഫ്15 എന്‍വിഎസ്-02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ 100 വിക്ഷേപണങ്ങള്‍ എന്ന ചരിത്ര ഘട്ടത്തിലേക്ക് എത്തുക.

നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എന്‍വിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിര്‍ണയ സംവിധാനമാണ് ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സിസ്റ്റം. ഇതിന്റെ മറ്റൊരു പേരാണ് നാവിക്. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഈ വിക്ഷേപണം നടക്കുക. പുതിയ ഐഎസ്ആര്‍ഒ ചെയര്‍മാന് കീഴില്‍ നടക്കുന്ന ആദ്യ വിക്ഷേപണം എന്ന പ്രത്യേകതയും ഇതിനുണ്ട്.

തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എല്‍വി- എഫ്15 എന്‍വിഎസ്-02 ഉപഗ്രഹത്തെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ സ്ഥാപിക്കും. രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം നടക്കുക. നാളെ രാവിലെ 6.30ടെയാണ് വിക്ഷേപണം.

യുആര്‍ സാറ്റലൈറ്റ് സെന്റര്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത എന്‍വിഎസ്-02 ഉപഗ്രഹത്തിന് ഏകദേശം 2,250 കിലോഗ്രാം ഭാരമുണ്ട്. മുന്‍ഗാമിയായ എന്‍വിഎസ്-01 പോലെ സി-ബാന്‍ഡിലെ റേഞ്ചിങ് പേലോഡിന് പുറമേ എല്‍1, എല്‍5, എസ് ബാന്‍ഡുകളിലും നാവിഗേഷന്‍ പേലോഡും ഇതിനുണ്ട്. ഐഎസ്ആര്‍ഒയുടെ അഭിപ്രായത്തില്‍, ഭൗമ, വ്യോമ, സമുദ്ര നാവിഗേഷന്‍, പ്രസിഷന്‍ അഗ്രികള്‍ച്ചര്‍, ഫ്‌ലീറ്റ് മാനേജ്‌മെന്റ്, മൊബൈല്‍ ഉപകരണങ്ങളിലെ ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍, ഉപഗ്രഹങ്ങള്‍ക്കുള്ള ഭ്രമണപഥ നിര്‍ണ്ണയം, ഇന്റര്‍നെറ്റ്-ഓഫ്-തിങ്‌സ് (ഐഒടി) അധിഷ്ഠിത ആപ്ലിക്കേഷനുകള്‍, അടിയന്തര, സമയ സേവനങ്ങള്‍ എന്നിവയാണ് ഉപഗ്രഹം ഉപയോഗിക്കുന്ന പ്രധാന ആപ്ലിക്കേഷനുകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*