ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ; എക്‌സ്‌പോസാറ്റ് വിക്ഷേപണം നാളെ

ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനം ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിക്ഷേപണം പുതുവത്സര ദിനത്തില്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 9.10 ന് എക്‌സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി-സി58 കുതിച്ചുയരും. പി എസ് എൽ വി യുടെ അറുപതാം വിക്ഷേപണമാണ് പുതുവത്സര ദിനത്തിൽ നടക്കാനിരിക്കുന്നത്.

ഷെഡ്യൂൾ ചെയ്ത ലിഫ്റ്റ് ഓഫിനായുള്ള 25 മണിക്കൂർ കൗണ്ട്ഡൗൺ ഇന്ന് രാവിലെ ആരംഭിച്ചിരുന്നു. തിരുവനന്തപുരം പൂജപ്പുര എൽ ബി എസ്. വനിതാ എൻജിനിയറിങ് കോളേജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിക്കും. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (ആർആർഐ) സഹകരിച്ചാണ് എക്‌സ്‌പോസാറ്റ് നിർമ്മിച്ചിട്ടുള്ളത്.

തീവ്ര ശോഭയുള്ള ജ്യോതിശാസ്ത്ര എക്സ്റേ സ്രോതസ്സുകളുടെ വിവിധ ചലനാത്മകത പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ധ്രുവരേഖാ ദൗത്യമാണ് എക്സ്പോസാറ്റ്. അഞ്ചുവര്‍ഷം നീളുന്ന എക്‌സ്‌പോസാറ്റ് ദൗത്യം പ്രകാശ തരംഗങ്ങളുടെ വൈബ്രേഷന്‍ ഓറിയന്റേഷന്‍ അളക്കും. ഇത് ബഹിരാകാശ സ്രോതസ്സുകളുടെ റേഡിയേഷന്‍ മെക്കാനിസം മനസ്സിലാക്കാന്‍ സഹായിക്കും. രണ്ട് ശാസ്ത്രീയ പേലോഡുകള്‍ ഉൾപ്പെടുന്ന എക്‌സ്പോസാറ്റ് പേടകത്തെ ഭൂമിക്ക് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലാണ് വിക്ഷേപിക്കുക.
പോളിക്‌സ് (പോളാരിമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ഇന്‍ എക്സ്-റേസ്) ആണ് പ്രധാന പേലോഡ്. ഇത് ജ്യോതിശാസ്ത്ര ഉത്ഭവത്തിന്റെ 8-30 കെഇവി യൂണിറ്റ് ഫോട്ടോണുകളുടെ ഇടത്തരം എക്സ്-റേ ഊര്‍ജ ശ്രേണിയിലെ പോളാരിമെട്രി പാരാമീറ്ററുകള്‍ (ധ്രുവീകരണത്തിന്റെ ഡിഗ്രിയും കോണും) അളക്കും. എക്‌സ്എസ്‌പെക്റ്റ് ((എക്‌സ്-റേ സ്‌പെക്ട്രോസ്‌കോപ്പി ആന്‍ഡ് ടൈമിങ്) ആണ് രണ്ടാമത്തെ പേലോഡ്. ഇത് 0.8-15 കെവി ഊര്‍ജശ്രേണിയിലുള്ള സ്‌പെക്ട്രോസ്‌കോപ്പിക് വിവരങ്ങള്‍ നല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*