ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഐഎസ്ആർഒ; ഫ്യൂവൽ സെൽ പരീക്ഷണ വിജയം നൽകുന്നത് വൻ പ്രതീക്ഷ

ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയം. പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രന്‍ ഫ്യൂവല്‍ സെല്‍ അധിഷ്ഠിത പവര്‍ സിസ്റ്റം (എഫ് സി പി എസ്) പരീക്ഷണമാണ് വിജയിച്ചത്. ജനുവരി ഒന്നിന് വിക്ഷേപിച്ച പിഎസ്എല്‍വി-സി58ന്റെ ഭാഗമായാണ് ഫ്യൂവല്‍ സെല്‍ പരീക്ഷിച്ചത്.

തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള എക്സ്‌പോസാറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനായാണ് പിഎസ്എല്‍വി-സി58 റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റിന്റെ അവസാന ഘട്ടത്തില്‍ പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റല്‍ മൊഡ്യൂള്‍-3 (പോയം-3) ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഫ്യൂവല്‍ സെല്‍ പരീക്ഷണം നടത്തിയത്.

എക്സ്‌പോസാറ്റിനെ 650 കിലോ മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചശേഷം റോക്കറ്റിന്റെ അവസാന ഘട്ടത്തെ 350 കിലോ മീറ്ററിലേക്ക് താഴ്ത്തുകയായിരുന്നു. ഇവിടെ വച്ചാണ് പോയത്തിന്റെ ഭാഗമായുള്ള ഫ്യൂവല്‍ സെല്‍ ഉള്‍പ്പെടെയുള്ള പേലോഡുകളുകളുടെ പരീക്ഷണം നടത്തിയത്. നാല് ഘട്ടങ്ങളിലായാണ് പിഎസ്എല്‍വി റോക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ദൗത്യത്തിനിടെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ കത്തി സമുദ്രത്തിലേക്ക് വീഴും. അവസാന ഘട്ടത്തിലാണ് പോയം ഉള്‍പ്പെട്ടത്.

180 വാട്ട് വൈദ്യുതിയാണ് ഫ്യൂവല്‍ സെല്‍ ബഹിരാകാശത്ത് ഉല്‍പ്പാദിപ്പിച്ചത്. ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഈ ഇന്ധന സെല്ലുകള്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി എസ് എസ് സി) ആണ് നിര്‍മിച്ചത്. ഭാവി ദൗത്യങ്ങള്‍ക്കുള്ള സംവിധാനങ്ങളുടെ രൂപകല്പന സുഗമമാക്കുന്നതിന് ബഹിരാകാശത്തെ പ്രവര്‍ത്തനത്തിലൂടെ ഡേറ്റ ശേഖരിക്കുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ഇവ ശുദ്ധജലവും ചൂടും പുറംതള്ളും.

 

Be the first to comment

Leave a Reply

Your email address will not be published.


*