പുതുവത്സരത്തിൽ ഐഎസ്ആർഒയുടെ സമ്മാനം; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് എക്‌സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് രാവിലെ 9.10ന് പിഎസ്എല്‍വി-സി58 കുതിച്ചുയർന്നു. പി എസ് എൽ വി യുടെ അറുപതാം വിക്ഷേപണമാണ് പുതുവത്സര ദിനത്തിൽ ഐഎസ്ആർഒ നടത്തിയത്.

650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്സോപസാറ്റ് എത്തുക. അഞ്ച് വർഷം നീണ്ട പഠനങ്ങൾ ഇവിടെ നടത്തും. ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനമാണ് എക്‌സ്‌പോസാറ്റ് ദൗത്യത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ആർആർഐ) സഹകരിച്ചാണ് എക്‌സ്‌പോസാറ്റ് നിർമിച്ചത്.

തിരുവനന്തപുരം എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥിനികൾ നിർമിച്ച വീസാറ്റ് എന്ന പേലോഡും വിക്ഷേപണ വാഹനത്തിൽ കുതിച്ചുയർന്നിട്ടുണ്ട്. വീസാറ്റ് ഉൾപ്പെടെ 10 പരീക്ഷണ പേലോഡുകൾ വഹിച്ച് റോക്കറ്റിന്റെ നാലാംഘട്ടം ഭൂമിയിൽനിന്ന് 350 കിലോമീറ്റർ ഉയരത്തിലാണ് തുടരുക.

തീവ്ര ശോഭയുള്ള ജ്യോതിശാസ്ത്ര എക്സ്റേ സ്രോതസ്സുകളുടെ വിവിധ ചലനാത്മകത പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ധ്രുവരേഖാ ദൗത്യമാണ് എക്സ്പോസാറ്റ്. അഞ്ചുവര്‍ഷം നീളുന്ന എക്‌സ്‌പോസാറ്റ് ദൗത്യം പ്രകാശ തരംഗങ്ങളുടെ വൈബ്രേഷന്‍ ഓറിയന്റേഷന്‍ അളക്കും. ഇത് ബഹിരാകാശ സ്രോതസ്സുകളുടെ റേഡിയേഷന്‍ മെക്കാനിസം മനസ്സിലാക്കാന്‍ സഹായിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*