പെട്ടെന്ന് നശിക്കുന്നതും നിറം മങ്ങുന്നതുമായ ബില്ലുകള്‍ നല്‍കുന്നത് നിയമവിരുദ്ധം: ഉപഭോക്തൃ കോടതി

വായിക്കാന്‍ കഴിയാത്തതും ഈടില്ലാത്തതുമായ ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം കുമാരപുരം കൃഷ്ണവിലാസം എം എസ് സജീവ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ വിധി.

അഭിഭാഷകനായ പരാതിക്കാരന്‍ 2020 ഡിസംബര്‍ മാസത്തിലാണ് എച്ച്പി ലാപ്‌ടോപ്പ് തൃപ്പൂണിത്തുറയിലെ റിലയന്‍സ് ഡിജിറ്റലില്‍ നിന്നു വാങ്ങിയത്. ഒരു മാസത്തിനകം ലാപ്‌ടോപ്പിന്റെ കീബോര്‍ഡ് തകരാറിലായി. സര്‍വീസ് സെന്‌ററില്‍ കൊടുത്തപ്പോള്‍ അത് മാറ്റി നല്‍യെങ്കിലും പിന്നീട് സ്‌ക്രീന്‍ തകരാറിലാകുകയായിരുന്നു. വാങ്ങി 14 ദിവസം കഴിഞ്ഞതിനാല്‍ ലാപ്‌ടോപ്പ് മാറ്റിത്തരാന്‍ കഴിയില്ലെന്ന് എതിര്‍കക്ഷി അറിയിച്ചു. ലാപ് ടോപ്പ് തുടര്‍ച്ചയായി തകരാറിലായതിനാല്‍ അഭിഭാഷകനെന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിപ്പിച്ചുവെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു.

നിര്‍മാണ വൈകല്യമുള്ള ലാപ്‌ടോപ്പിനു പകരം പുതിയതോ അതിന്റെ വിലയോ ഉപഭോക്താവിന് നല്‍കണമെന്നും നഷ്ടപരിഹാരമായി 70,000 രൂപ ഒന്‍പത് ശതമാനം പലിശ സഹിതം 30 ദിവസത്തിനകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നിലവാരമുള്ള കടലാസില്‍ ഗുണമേന്മയുള്ള മഷിയില്‍ തയാറാക്കിയ വ്യക്തമായ ബില്‍ എതിര്‍കക്ഷി ഉപഭോക്താവിന് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

‘ലാപ്‌ടോപ്പ് വാങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ തുടര്‍ച്ചയായി തകരാറുണ്ടായാല്‍ നിര്‍മാണ വൈകല്യമാണ്. പുതിയ ലാപ്‌ടോപ്പോ അതിന്‌റെ വിലയോ കിട്ടാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഡി. ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ശ്രീവിദ്യ ടി എന്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി. പരാതിക്കാരനു വേണ്ടി അഡ്വ.എ.എന്‍. ജ്യോതിലക്ഷ്മിഹാജരായി.

Be the first to comment

Leave a Reply

Your email address will not be published.


*