മുംബൈ: ഇന്നലെ കൂപ്പുകുത്തിയ അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇന്ന് റാലി. വ്യാപാരത്തിനിടെ ആറുശതമാനം വരെയാണ് മുന്നേറിയത്. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമേരിക്കന്‍ ധനകാര്യ സ്ഥാപനവും കമ്പനികളുടെ പ്രകടനം വിലയിരുത്തുന്ന ആഗോള സൂചിക പ്രൊവൈഡറുമായ മോര്‍ഗന്‍ സ്റ്റാന്‍ലി ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ (എംഎസ്സിഐ) അദാനി ഗ്രൂപ്പ് ഓഹരികളെ മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച നടപടി എംഎസ് സിഐ നീക്കിയതാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ മുന്നേറ്റത്തിന് സഹായകമായത്.
അദാനി എനര്‍ജി സൊല്യൂഷന്‍സ് മാത്രം 6.2 ശതമാനമാണ് മുന്നേറിയത്. അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ രണ്ടുശതമാനവും കുതിച്ചു. എന്നാല്‍ അദാനി ഗ്രൂപ്പിലെ ഫ്‌ലാഗ്ഷിപ്പ് ഓഹരിയായ അദാനി എന്റര്‍പ്രൈസസ് ചെറിയ തോതില്‍ ഇടിഞ്ഞു. അദാനി പോര്‍ട്‌സില്‍ കാര്യമായ മുന്നേറ്റം ദൃശ്യമല്ല.
ബിസിനസ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ സ്വീകരിച്ച നടപടി നീക്കം ചെയ്തതെന്ന് എംഎസ്സിഐ അറിയിച്ചു. ഈ വര്‍ഷം ആദ്യം ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് സൂചികയില്‍ നിന്ന് അദാനി എനര്‍ജിയെയും അദാനി എന്റര്‍പ്രൈസസിനെയും ഒഴിവാക്കിയ എംഎസ്സിഐ, പുതിയ പശ്ചാത്തലത്തില്‍ ഇരു മ്പനികളുടെയും ഫണ്ട് ശേഖരണത്തെയും പ്രോത്സാഹിപ്പിക്കും. അദാനി ഗ്രൂപ്പ് ഓഹരികള്‍ നിരീക്ഷിച്ച് വരികയാണെന്നും എംഎസ്സിഐ പസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പുതിയ ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇടിഞ്ഞത്. ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചെന്ന ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസവും നിഷേധിച്ചിരുന്നു.
Be the first to comment