പലര്‍ക്കും പല്ലുതേപ്പ് ഒരു ചടങ്ങ് മാത്രമാണ്. വായുടെ ആരോഗ്യം തുടർച്ചയായി അവഗണിക്കുന്നത് കാവിറ്റീസ്, മോണ വീക്കത്തിന് പുറമെ നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ വരെ ബാധിക്കാം.
എന്താണ് പീരിയോണ്‍ഡൈറ്റിസ്?
ഗുരുതരമായ മോണ വീക്കമാണ് പീരിയോണ്‍ഡൈറ്റിസ് എന്ന രോഗവാവസ്ഥ. പല്ലുകളില്‍ അടിഞ്ഞു കൂടുന്ന പ്ലാക് കഠിനമാകുമ്പോള്‍ അത് മോണയില്‍ വീക്കം ഉണ്ടാക്കുകയും ഗുരുതരമായ അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രധാനമായും പല്ലുകളോട് ചേർന്ന കോശങ്ങളെ ബാധിക്കുന്നതിനാൽ പല്ലുകൾ കൊഴിയാനും കാരണമാകുന്നു.
പീരിയോണ്‍ഡൈറ്റിസ് ഹൃദ്രോഗ സാധ്യത കൂട്ടും
മോണയിലെ ഈ അണുബാധ/ബാക്ടീരിയകള്‍ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്നതോടെ ധമനികളില്‍ ഫലകങ്ങള്‍ രൂപീകരിക്കാൻ തുടങ്ങുന്നു. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ മോശം ദന്തസംരക്ഷണത്തെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റൊരു രോഗമാണ് പ്രമേഹം. ദന്തസംരക്ഷണം ഇല്ലാതാകുമ്പോൾ വായിൽ ബാക്ടീരിയ പെരുകാനും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നതിലേക്കും നയിക്കുന്നു. ഇത് തിരിച്ചും സംഭവിക്കാം രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്നത് പല്ലുകളുടെ ആരോഗ്യം മോശമാകാനും കാരണമാകാം.
അടുത്തിടെ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഓറല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ജപ്പാനിലെ ടോക്കിയോ മെഡക്കല്‍ ആന്റ് ദന്തല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പീരിയോണ്‍ഡൈറ്റിസ് രോഗം സന്ധികളെ ബാധിക്കുന്ന സ്വയം രോഗപ്രതിരോധ രോഗമായ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍ വർധിപ്പിക്കാൻ കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. നമ്മുടെ വായ പലപ്പോഴും വിശാലമായ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി കൂടിയാണ്. ആരോഗ്യമുള്ള പല്ലുകൾ പുഞ്ചിരിക്കാനുള്ള ആത്മവിശ്വാസം മാത്രമല്ല, ദന്തക്ഷയം, മോണരോഗം, വായിലെ അര്‍ബുദം തുടങ്ങിയ ഗുരുതര അവസ്ഥകളെ തടയാന്‍ സഹായിക്കും.
പല്ലുകളില്‍ പ്ലാക് അടിഞ്ഞുകൂടൽ, വായ്നാറ്റം, ചുവന്നതും വീർത്തതുമായ മോണകൾ, പല്ലിൻ്റെ സെൻസിറ്റിവിറ്റി, രുചി വ്യത്യാസം തോന്നുക, വായിലെ വ്രണങ്ങൾ, പല്ലിൻ്റെ നിറം മാറുക എന്നിവയാണ് വായയുടെ ആരോഗ്യം മോശമാകുന്നതിന്‍റെ പ്രധാന ലക്ഷണങ്ങള്‍.
ബ്രഷ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
- പതിവായി ബ്രഷ് ചെയ്യുന്നത് വായിലുണ്ടാകുന്ന ബാക്ടീരിയകളെ തടയാനും ആസിഡ് ഉൽപ്പാദനം കുറയ്ക്കാനും പല്ലുകൾ നശിക്കാതിരിക്കാനും സഹായിക്കും.
- ബ്രഷ് ചെയ്യുന്നത് ബാക്ടീരിയയെ പോഷിപ്പിക്കുന്ന ഭക്ഷണ കണികകളെ നീക്കം ചെയ്യാന്‍ സഹായിക്കും. കൂടാതെ മോണയില്‍ രൂപപ്പെടുന്ന പ്ലാക് നീക്കം ചെയ്യാനും ഇതിലൂടെ മോണവീക്കം തടയാനും ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. പീരിയോൺഡൈറ്റിസ് സാധ്യത കുറയ്ക്കുന്നു.
- ബ്രഷ് ചെയ്യുന്നത് മോണകളിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കൂടാതെ ഇത് ഉമിനീർ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ആസിഡുകളെ നിർവീര്യമാക്കാന്‍ സഹായിക്കും.
- ആൻ്റിമൈക്രോബയൽ ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുന്നത് ദോഷകരമായ ബാക്ടീരിയകളെ കൂടുതൽ കുറയ്ക്കുന്നു.
Be the first to comment