മുകേഷ് രാജിവെക്കേണ്ടെന്ന് സിപിഎം; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം:ലൈംഗികാതിക്രമ കേസിൽ പ്രതിയായ  നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. കേസിന്റെ തുടര്‍നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും.

മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു എന്നതു പരിഗണിച്ച് തിടുക്കപ്പെട്ട് രാജി വെക്കേണ്ടതില്ലെന്നാണ് പൊതുവില്‍ ധാരണയായിട്ടുള്ളത്. മുകേഷിനെ സംരക്ഷിച്ചുകൊണ്ടാണ് രാവിലെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമാനമായ പീഡനക്കേസില്‍പ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആദ്യം രാജിവെക്കട്ടെ. അതിനുശേഷം മുകേഷ് രാജിവെക്കുന്ന കാര്യം തീരുമാനിക്കാമെന്നായിരുന്നു ജയരാജന്‍ പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുഖം നോക്കാതെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇടതു മുന്നണി കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം മുകേഷ് രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സിപിഐയില്‍ ഭിന്നത നിലനില്‍ക്കുന്നതായാണ് സൂചന. സര്‍ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കാതെ, ഇടതുപക്ഷത്തിന്റെ ഒരു എംഎല്‍എ എന്ന നിലയില്‍ മുകേഷ് തീരുമാനം എടുക്കേണ്ടതാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു പറഞ്ഞു. മുകേഷിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗൗരവമായ ആരോപണമാണെന്നും പ്രകാശ് ബാബു പറഞ്ഞു. ധാര്‍മ്മികമായി, രാജിവെക്കാതെ മുന്നോട്ടു പോകുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ രാജിക്കാര്യം സിപിഎമ്മും മുകേഷും തീരുമാനിക്കട്ടെ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തില്‍ അഭിപ്രായപ്പെട്ടത്.

നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ ബലാത്സം​ഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പോലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*