നാഗമ്പടം റെയിൽവേ മേൽപാലം : പൊട്ടിപൊളിഞ്ഞിട്ട് മാസങ്ങൾ

കോട്ടയം :  ഇരുചക്ര വാഹനങ്ങൾ നാഗമ്പടം റെയിൽവേ മേൽപാലം കടന്ന് മറുവശത്ത് എത്തിയാൽ ഭാഗ്യം. പാലത്തിന്റെ പ്രധാന ഗർഡറുകളുടെ മുകളിൽ പാകിയ കോൺക്രീറ്റ് വിണ്ടുകീറി കുഴികൾ രൂപപ്പെട്ടതാണ് യാത്രക്കാരെ ഭയപ്പെടുത്തുന്നത്. മഴവെള്ളം ഒലിച്ചുപോകാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കാത്തതും അറ്റകുറ്റപ്പണികൾ സമയത്ത് നടത്താത്തതാണു കോൺക്രീറ്റ് പാളികൾ പൊട്ടിപ്പൊളിയാൻ പ്രധാന കാരണം.

ഇങ്ങനെ കോൺക്രീറ്റ് ഇളകി രൂപപ്പെട്ട സ്ഥലത്തെ മെറ്റലുകൾ റോഡിൽ ചിതറി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഇവിടെ തെന്നി വീണ് അപകടമുണ്ടാകുന്നത് പതിവാണ്. കുഴി ഒഴിവാക്കുന്നതിനു ബ്രേക്ക് ചവിട്ടുമ്പോൾ തൊട്ടുപിന്നാലെ എത്തുന്ന വാഹനങ്ങൾ മുൻപിലുള്ള വാഹനത്തിലിടിച്ചും അപകടമുണ്ടാകുന്നു. ഇരുചക്ര വാഹന യാത്രികരെ അപകടം കാത്തിരിക്കുകയാണ്. ഏതു നിമിഷവും അത് സംഭവിക്കാം.

ഏതാനും മാസം മുൻപ് മേൽപാലത്തിന്റെ സമീപനപാതയിൽ ഇരുചക്രവാഹനത്തിന്റെ പിന്നിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയ്ക്ക് അപകടത്തിൽപെട്ട് ജീവൻ നഷ്ടമായിരുന്നു. ചെറുതും വലുതുമായി നിരവധി അപകടങ്ങൾ ഇവിടെ നടക്കാറുണ്ട്. എന്നാൽ ഇവിടെ റോഡ് പെട്ടെന്ന് ബ്ലോക്ക് ആകും എന്നതിനാൽ പലരും പലതും കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്.

നാഗമ്പടം റെയിൽവേ മേൽപാലത്തിന്റെ കുഴികൾ മൂടേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനു കീഴിലെ അറ്റകുറ്റപ്പണി വിഭാഗത്തിനാണ്. മുൻപ് ഇതു റെയിൽവേയുടെ കൈവശമായിരുന്നു മേൽപാലവും അതിന്റെ ഇരുവശങ്ങളിലും ഉള്ള സമീപന പാതയും. കുഴികളിൽ അപകടങ്ങൾ പതിവാകുകയും പരാതികൾ ഉയരുമ്പോഴും മാത്രമാണ് അധികൃതർ അറ്റകുറ്റപ്പണി നടത്തുന്നത്. നിരത്ത് അറ്റകുറ്റപ്പണി വിഭാഗം എത്രയും പെട്ടെന്ന് ഇവിടം ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത കുഴികൾ അടയ്ക്കണമെന്നാണ് ജനങ്ങളുടെ അവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*