പാടമല്ല, റോഡാണ്; ഏറ്റുമാനൂർ റെയിൽവേ സ്​റ്റേഷൻ – കാട്ടാത്തി റോഡ് തകർന്നിട്ട് വർഷങ്ങൾ

Yenz Times News Exclusive

ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്​റ്റേഷൻ – കാട്ടാത്തി റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. തകർന്ന റോഡിലൂടെ കാൽനടയാത്ര പോലും പ്രയാസമെന്നു നാട്ടുകാർ പറയുന്നു. അതിരമ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ റോഡ്. റെയിൽവേയുടെ ഉടമസ്ഥയിലുള്ളതിനാൽ പഞ്ചായത്തിന് പരിമിതികളുണ്ടെന്നാണ് പഞ്ചായത്തിൻ്റെ വാദം.

മഴ പെയ്താൽ ഈ വഴിയിലെ കുഴികളെല്ലാം കുളമാകും. രണ്ടാഴ്ച മുൻപ് പെയ്ത കനത്ത മഴയിൽ ഇവിടെ വെള്ളക്കെട്ടും ചെളിയും  ഉണ്ടായത് മൂലം വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. അതിരമ്പുഴ പഞ്ചായത്തിലെ 3,4,5 വാർഡുകളിലെ പ്രദേശവാസികൾക്ക് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ, അതിരമ്പുഴ പള്ളി, പഞ്ചായത്ത്, കോളേജുകൾ, ഐ ടി ഐ, യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുവാനുള്ള വഴിയാണ്  ഈ റോഡ്. ഇവിടെ മാലിന്യം തള്ളുന്നതു പതിവാണെന്നും പരാതിയുണ്ട്. 

റോഡ് തകർന്നു കിടക്കുന്നതിനാൽ പ്രദേശവാസികൾ  കിലോമീറ്ററുകൾ താണ്ടി വേണം അവരുടെ ആവശ്യങ്ങൾക്കായി പോകുവാൻ. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറ്റുമാനൂർ ടൗൺ ചുറ്റാതെ എറണാകുളം റോഡിലേക്കും, ബൈപ്പാസ് റോഡിലേക്കും ഈ റോഡ് സഞ്ചാരയോഗ്യമാക്കിയാൽ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. മുൻ എംപി തോമസ് ചാഴികാടൻ ഇവിടം സന്ദർശിക്കുകയും റോഡ് സഞ്ചാരയോഗ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

റോഡ് വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡി ആർ എം ന്‌ കത്ത് നൽകിയിട്ടുണ്ടെന്നും റെയിൽവേ വികസനത്തിന്റെ ഭാഗമായി ഈ റോഡും റെയിൽവേ ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കുമെന്നും പഞ്ചായത്ത് അറിയിച്ചു. പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിലും റോഡിന്റെ അറ്റ കുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഒരു ശാശ്വത പരിഹാരമാകുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*