
ന്യൂയോർക്ക്: ആതിഥേയരെന്ന ആനുകൂല്യത്തിൽ ലഭിച്ച ടിക്കറ്റിലാണ് ഇത്തവണ യുഎസ്എ ട്വന്റി20 ലോകകപ്പിനിറങ്ങുന്നത്. തങ്ങളുടെ കന്നി ലോകകപ്പിനെത്തുന്ന ടീം മികച്ച യുവ നിരയുമായാണ് കളത്തിലിറങ്ങാനൊരുങ്ങുന്നത്. ഇന്ത്യക്കാരനായ മൊനാങ്ക് പട്ടേലാണ് ടീം ക്യാപ്റ്റൻ. ആരോൺ ജോൺസ്, സ്റ്റീവൻ ടെയ്ലർ തുടങ്ങിയവരിലാണ് ബാറ്റിങ്ങ് പ്രതീക്ഷ. മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ കോറി ആൻഡേഴ്സന്റെ സാന്നിധ്യവും കരുത്താകും. ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും ഭൂരിപക്ഷമുള്ള ടീമാണ്.
ഗുജറാത്തുകാരനായ വിക്കറ്റ് കീപ്പർ ബാറ്റർ മൊനാങ്കിനു പുറമെ മുൻ രഞ്ജി ട്രോഫി-ഐപിഎൽ ബാറ്റർ മിലിന്ദ് കുമാർ, മുൻ അണ്ടർ 19 സ്പിന്നർ ഹർമീത് സിങ് എന്നിവരും ഇന്ത്യയിൽ നിന്ന് യുഎസ് സംഘത്തിലുണ്ട്. ജെസ്സി സിങ്, നിസർഗ് പട്ടേൽ, നിതീഷ് കുമാർ, നോഷ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രാൽവകർ എന്നിവരും ഇന്ത്യൻ വംശജരാണ്. മുൻ ആസ്ട്രേലിയൻ ക്രിക്കറ്റർ സ്റ്റുവർട്ട് ലോയാണ് മുഖ്യ പരിശീലകൻ. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ് എയിലാണ് ടീം.
Be the first to comment