കോവിഡിന്റെ ഉറവിടം കണ്ടത്തേണ്ടത് അനിവാര്യം; WHO തലവൻ

കോവിഡിന്റെ ഉറവിടം കണ്ടെത്തുന്നത് ഒരു ധാർമ്മിക അനിവാര്യതയാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇതിനായി എല്ലാ അനുമാനങ്ങളും പഠിക്കണമെന്നും, വൈറസ് വ്യാപനം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താൻ യുഎൻ ബോഡി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ അബദ്ധവശാൽ ഉണ്ടായ ചൈനീസ് ലബോറട്ടറി ചോർച്ചയാണ് പാൻഡെമിക് ഉണ്ടാവാൻ കാരണമെന്ന് വിലയിരുത്തിയതായി വാൾസ്ട്രീറ്റ് ജേണൽ ഒരു യുഎസ് ഏജൻസിയെ  ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് വിഷയത്തിൽ പ്രതികരിക്കാൻ ലോകാരോഗ്യ സംഘടനയുടെ മേൽ സമ്മർദ്ദം ഉയർത്തിയത്. എന്നാൽ ഈ റിപ്പോർട്ടിൽ ബെയ്‌ജിംഗ്‌ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

കോവിഡിന്റെ ആഗോള വ്യാപനം വിവരിക്കാൻ WHO ആദ്യമായി “പാൻഡെമിക്” എന്ന വാക്ക് ഉപയോഗിച്ചതിന്റെ മൂന്ന് വർഷം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം പ്രതികരിച്ചത്. 

അസന്തുലിതമായ കോവിഡ് 19 വാക്‌സിൻ വിതരണം കുറഞ്ഞത് 1.3 ദശലക്ഷം തടയാവുന്ന മരണങ്ങളിലേക്ക് നയിച്ചുവെന്നാണ് വിവിധ ആക്‌ടിവിസ്‌റ്റുകളും, രാഷ്ട്രീയക്കാരും അക്കാദമിക് വിദഗ്‌ധരും പറയുന്നത്.

2021ൽ, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്‌ധ സംഘം ചൈനയിലെ വുഹാനിലും പരിസരത്തും ആഴ്‌ചകളോളം ചെലവഴിച്ചിരുന്നു. അവിടെയാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ ഒരു സംയുക്ത റിപ്പോർട്ടിൽ വൈറസ് വവ്വാലുകളിൽ നിന്ന് മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്ക് പടർന്നിരിക്കാമെന്നും, വിഷയത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും അറിയിച്ചിരുന്നു. 

അതിനുശേഷം, ലോകാരോഗ്യ സംഘടന അപകടകരമായ രോഗകാരികളെക്കുറിച്ച് പഠിക്കാൻ ഒരു ശാസ്ത്രീയ ഉപദേശക സംഘം രൂപീകരിച്ചു. എന്നാൽ കോവിഡ് എങ്ങനെ ഉത്ഭവിച്ചു എന്നതിനെക്കുറിച്ച് ഇതുവരെ ഒരു നിഗമനത്തിലും എത്തിയിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*