വീണ്ടും സുരക്ഷാ വീഴ്ച ; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് ഓടിച്ചു കയറ്റി; ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയ സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സര്‍വീസ് നടത്തുന്ന ‘കിനാവ്’ ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി ബസ് ഓടിച്ചതിന് ഡ്രൈവർ രാജേഷിനെതിരെ കേസെടുത്തു.

സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തൽ. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് വിവരം.

കോഴിക്കോട് കോട്ടൂളിയിൽ വച്ച് വ്യാഴാഴ്ച വൈകീട്ടാടെയായിരുന്നു സംഭവം. ബാലസംഘം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയിലാണ് സംഭവം നടക്കുന്നത്. 10 വാഹനങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്ളത്. മുമ്പിലുള്ള എസ്‌കോർട്ട് വാഹനം കടന്ന് പോയതിന് പിന്നാലെ പത്താമത്തെ വാഹനത്തിനു മുന്നിലേക്കാണ് സ്വകാര്യബസ് കയറിയത്.

സംഭവസ്ഥലത്ത് വച്ച് തന്നെ ട്രാഫിക് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വാമനപുരത്ത് വച്ച് കുറുകെ ചാടിയ സ്‌കൂട്ടര്‍യാത്രക്കാരിയെ രക്ഷിക്കുന്നതിനായി എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനമടക്കം 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവം.

Be the first to comment

Leave a Reply

Your email address will not be published.


*