കോട്ടയം: ഹോട്ടലില്‍നിന്നു വരുത്തിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരണപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും ഫാസ്റ്റ് ഫുഡ് സംസ്കാരം വിവാദമുയർത്തുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ് അസ്‌ഥി രോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ് ഓഫീസര്‍ രശ്‌മി രാജാ(32)ണു ഹോട്ടലിൽ നിന്നും വരുത്തിയ അൽഫാം കഴിച്ചതു മൂലം മരണപ്പെട്ടത്. മെഡിക്കല്‍ കോളജ് നഴ്‌സിങ് ഹോസ്‌റ്റലില്‍ താമസിക്കുന്ന രശ്മി കഴിഞ്ഞ 29 നാണ് ഗുരുതരാവസ്ഥയിലായത്. കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്‌തു വരുത്തിയ ‘അല്‍ഫാം’ കഴിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് ഭക്ഷ്യ വിഷബാധയാണെന്ന സംശയമുയർന്നത്. രാത്രിയായതോടെ ഛര്‍ദ്ദിയും അസ്വസ്‌ഥതയും വർദ്ധിച്ചതോടെ രശ്മിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിയതിനു പിന്നാലെ രോഗവസ്‌ഥ ഗുരുതരമാവുകയും രശ്മിയുടെ വൃക്കയിലും കരളിലും അണുബാധയുണ്ടാവുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ. ഉടനെ അവരെ വെൻ്റിലേറ്ററിലേക്കു മാറ്റി. വൃക്കയുടെ പ്രവർത്തനങ്ങൾ താളം തെറ്റിയതോടെ കഴിഞ്ഞ ദിവസം ഡയാലിസിസ് നടത്തിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി ഏഴുമണിയോടെ രശ്മി മരണപ്പെടുകയായിരുന്നു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അൽഫാമിലൂടെ ഷിഗെല്ല വെെറസാണ് രശ്മിയെ ബാധിച്ചതെന്നാണ് കരുതപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലെ പ്രധാന വില്ലനായി കടന്നുവരുന്ന സാല്‍മൊണല്ല, ഷിഗെല്ല വെെറസുകൾ ജീവനെടുക്കുന്ന ക്രൂരൻമാരാണെന്നും ശരിയായ രീതിയില്‍ പാകം ചെയ്യാത്തതും വൃത്തിഹീനമായ ചുറ്റുപാടില്‍ പാകം ചെയ്യുന്നതും ഇവയെ ജനങ്ങളിലേക്ക് പടർത്താൻ സാഹചര്യമൊരുക്കുമെന്നും ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പു നൽകുന്നു. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ചിക്കന്‍ പൂര്‍ണ്ണമായി വെന്തില്ലെങ്കില്‍ സാല്‍മൊണെല്ല ശരീരത്തില്‍ കയറുമെന്നും എന്നാൽ കൂടുതല്‍ അപകടകാരി ഷിഗെല്ലയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മാംസം ഒരു ഇന്‍സുലേറ്റര്‍ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റര്‍ ഉള്ളില്‍ ഉണ്ടാവില്ല. സാല്‍മൊണെല്ല ഉണ്ടാകാതിരിക്കാന്‍ കുറഞ്ഞത് 75 ഡിഗ്രി സെന്റിഗ്രേഡില്‍ പത്ത് മിനിറ്റ് വേവണം. പച്ചമുട്ടയില്‍ ചേര്‍ത്തുണ്ടാക്കുന്ന മയോന്നൈസ് സാല്‍മൊണെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന മറ്റൊരു പദാര്‍ഥമാണ്. കൃത്യമായി വേവാത്ത ഭക്ഷണത്തിലാണ് രോഗാണുക്കളും വൈറസുകളും ഉണ്ടാകുക. അതിനാല്‍ വേവിച്ച ഭക്ഷണം മാത്രം കഴിക്കുക, പഴകിയ ഭക്ഷണവും രണ്ടാമത് ചൂടാക്കിയ ഭക്ഷണവും ഒഴിവാക്കുക എന്നതാണെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Be the first to comment