തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടും. വാര്‍ഡ് പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാന്‍ തീരുമാനം. ഇതോടെ 1200 വാര്‍ഡുകള്‍ പുതുതായി രൂപപ്പെടും.

 ജനസംഖ്യ വര്‍ധിച്ചെന്ന് വിലയിരുത്തിയാണ് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്നത്. ചെറിയ പഞ്ചായത്തുകളില്‍ 13ഉം വലുതില്‍ 23ഉം വാര്‍ഡുകളുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. 1200 അംഗങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ ഇവര്‍ക്ക് ഓണറേറിയം നല്‍കാന്‍ മാത്രം അഞ്ചു വര്‍ഷം 67 കോടി രൂപ അധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വാര്‍ഡ് പുനര്‍നിര്‍ണയത്തില്‍ സര്‍ക്കാരിന്റേത് ഏകപക്ഷിയമായ തീരുമാനമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2010ലാണ് അവസാനമായി വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*