ആഡംബര മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ

ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ. ഹോങ്കോങ്ങിൻ്റെ ചാന്ദ്ര പുതുവർഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘വെസ്പ 946 ഡ്രാഗൺ എഡിഷൻ’ ആണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലുള്ള പല മിഡ് സൈസ് എസ്‌യുവികളേക്കാൾ വില ഈ സ്കൂട്ടറിന് ഉണ്ട് എന്നതാണ് പ്രത്യേകത

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ചെലവേറിയ വെസ്പ സ്കൂട്ടറാണ് ഇത്. ആഗോളതലത്തിൽ 1,888 യൂണിറ്റുകൾ മാത്രമാണ് നിർമിക്കുക. ഇതിൽ എത്ര യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വളരെ പരിമിതമായ സംഖ്യകളിൽ മാത്രമായിരിക്കും വിപണനത്തിന് എത്തുക. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റുകളായാണ് മോഡൽ രാജ്യത്ത് എത്തുന്നത്. സ്‌കൂട്ടർ വാങ്ങുന്ന ഉപഭോക്താക്കൾക്കെല്ലാം വെസ്പ ഡ്രാഗൺ വാഴ്സിറ്റി ജാക്കറ്റ് സമ്മാനമായി നൽകും. പൂർണമായും ഇറ്റലിയിൽ ഡിസൈൻ ചെയ്ത വെസ്പ 946 ഡ്രാഗൺ ആരേയും ആകർഷിക്കുന്ന വിധത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

പുത്തൻ കളർ ഓപ്ഷനും പുരാണ ഡ്രാഗണിനെ അനുസ്മരിപ്പിക്കുന്ന ബോഡി ഡീക്കലുകളും ചേർത്ത് എത്തുന്ന മോഡൽ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹെഡ്‌ലാമ്പിന് താഴെ എമറാൾഡ് നിറത്തിൽ പ്രത്യേക ഡ്രാഗൺ കാർട്ടൂണും ഇടംപിടിച്ചിട്ടുണ്ട്. ഡ്രാഗണിൻ്റെ എമറാൾഡ് ഗ്രീൻ ഗ്രാഫിക്‌സ് സ്കൂട്ടറിന്റെ ഫ്രണ്ട് ഏപ്രോൺ മുതൽ സൈഡ് പാനലുകൾ വരെ നൽകിയിട്ടുണ്ട്. ലൈറ്റ് ഗോൾഡൻ നിറത്തിലുള്ള ബോഡി വർക്കുകൾ അതിൻ്റെ കണ്ണാടികളിലേക്കും ടെയിൽ റാക്കിലേക്കും നീളുന്നു. ഇവ കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം, റൈഡർക്ക് മതിയായ ലെഗ് സ്പേസ് ഉള്ള സിംഗിൾ സീറ്റിംഗ് ക്രമീകരണം, ബോഡി-കളർ സൈഡ് മിററുകൾ എന്നിവയും വെസ്പയുടെ മറ്റ് പ്രത്യേകതകളാണ്.

125 സിസിയിലും 155 സിസി ഓപ്ഷനിലും വെസ്പ 946 ഡ്രാഗൺ സ്കൂട്ടർ ലഭ്യമാണ്. മെറ്റൽ മോണോകോക്ക് ബോഡിയിലാണ് വാഹനം പണിതിറക്കിയിരിക്കുന്നത്. മെക്കാനിക്കൽ സൈഡ് നോക്കുകയാണെങ്കിൽ 12 ഇഞ്ച് വീലുകളാണ് മോഡലിന് കൊടുത്തിരിക്കുന്നത്. സസ്പെൻഷനായി മുൻവശത്ത് ഷോക്ക് അബ്സോർബറും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റബിൾ ഷോക്ക് അബ്സോർബറുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസോടെ ഡിസ്‌ക് ബ്രേക്കുകളാണ് രണ്ട് വശത്തും ലഭിക്കുക.

ഈ ആഡംബര സ്കൂട്ടർ വാങ്ങാൻ താത്‌പര്യമുള്ളവർക്ക് ഇപ്പോൾ തന്നെ വാഹനം പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും. രാജ്യത്തെ വെസ്‌പയുടെ എല്ലാ മോട്ടോപ്ലെക്‌സ് ഷോറൂമുകൾ വഴിയോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആണ് ബുക്കിംഗ് സ്വീകരിക്കുക.പുതിയ വെസ്പ 946 ഡ്രാഗൺ എഡിഷന് രാജ്യത്ത് 14.28 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ ഈ ആഡംബര വാഹനം സ്വന്തമാക്കുകയാണെങ്കിൽ അത് ആർക്കായാലും ഒരു സ്റ്റാറ്റസ് സിംബൽ തന്നെ ആയിരിക്കും.

2023 ഓഗസ്റ്റിലാണ് വെസ്പ ജസ്റ്റിൻ ബീബർ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയെത്തുന്ന വെസ്‌പ 946 ഡ്രാഗണിനും വിപണിയിൽ വാങ്ങാൻ ആളുണ്ടാവുമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ.ലോകത്തിലുള്ള എല്ലാ സ്‌കൂട്ടറുകളുടെയും തലതൊട്ടപ്പനാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ. ഇന്ത്യൻ വിപണിയിൽ സ്കൂട്ടറുകൾ ഉണ്ടെങ്കിലും വിദേശത്തുള്ളതു പോലെ അത്രയ്ക്ക് പ്രീമിയമല്ല. പക്ഷെ ഇന്നും വെസ്‍‌പ ഒരു കൾട്ട് ക്ലാസിക് മോഡലായി തുടരുന്നുണ്ട്. പ്രീമിയം സെഗ്മെന്റിനെ ഇളക്കി മറിക്കാൻ വേണ്ടിയാണ് ഇപ്പോൾ വെസ്‌പയുടെ ആഡംബര മോഡലിനെ ഇന്ത്യൻ വിപണിയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*