
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ തകര്‍ത്ത് സെമി ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് പിഎസ്ജി. ആദ്യ പാദത്തില്‍ 2-3ന് പരാജയപ്പെട്ട പിഎസ്ജി രണ്ടാം പാദത്തില്‍ 4-1ന് വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ 6-4 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ പിഎസ്ജി അവസാന നാലിലെത്തി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളാണ് പിഎസ്ജിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഇപ്പോള്‍ ക്ലബ്ബിന്റെ വിജയത്തിലും തന്റെ പ്രകടനത്തിലും പ്രതികരിക്കുകയാണ് എംബാപ്പെ. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ തൻ്റെ ക്ലബ്ബിനെ സഹായിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് എംബാപ്പെ പറഞ്ഞു.
‘പാരീസിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയെന്നത് എന്റെ സ്വപ്‌നമാണ്. ആദ്യ ദിനം മുതല്‍ പിഎസ്ജിയില്‍ കളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. നല്ല സമയങ്ങളും മോശം സമയങ്ങളും ഉണ്ടെങ്കിലും ഈ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. സ്വന്തം രാജ്യത്തിന്റെ തലസ്ഥാനമായിട്ടുള്ള ഒരു ക്ലബ്ബില്‍ കളിക്കുകയെന്നത് അവിടെ ജനിച്ചുവളര്‍ന്ന ഒരാളെ സംബന്ധിച്ചിടത്തോളം പ്രത്യേകതയാണ്. ഒരു പാരീസിയന്‍ എന്ന നിലയില്‍ ഇങ്ങനെയൊരു സായാഹ്നം അനുഭവിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. വെംബ്ലിയിലെ ഫൈനലിലേക്ക് ഞങ്ങള്‍ക്ക് ഒരു ചുവട് കൂടി വെക്കേണ്ടതുണ്ട്.
ഞങ്ങള്‍ ഒരു മികച്ച ടീമിനെ പരാജയപ്പെടുത്തി. ഒരുപക്ഷേ ഞങ്ങള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ പോലും ഒരു പാരീസിയനായതുകൊണ്ട് ഞാന്‍ അഭിമാനിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങളെ തോല്‍പ്പിക്കാന്‍ ആഗ്രഹിച്ച ടീമിനെ ഞങ്ങള്‍ പരാജയപ്പെടുത്തി. ഇത് ഞങ്ങളുടെ നാട്ടിലുള്ളവര്‍ക്കും ഞങ്ങളുടെ ആരാധകര്‍ക്കും വേണ്ടിയാണ്’, എംബാപ്പെ കൂട്ടിച്ചേര്‍ത്തു.
Be the first to comment