
ജയ്പൂർ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഡബിൾ സെഞ്ചറി തികച്ച് യുവതാരം യശസ്വി ജയ്സ്വാൾ. രണ്ടാം ഇന്നിങ്സിൽ 231 പന്തുകളിൽ നിന്നാണ് ജയ് സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു ജയ് സ്വാൾ അടിച്ചെടുത്തത്.
മത്സരത്തിൽ 98 ഓവറിൽ നാലിന് 430 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യയ്ക്ക് 556 റൺസിന്റെ ലീഡുണ്ട്. ജയ് സ്വാളും (236 പന്തിൽ 214), സർഫറാസ് ഖാനും (72 പന്തിൽ 68) പുറത്താകാതെനിന്നു. പരുക്കിനെ തുടർന്ന് മൂന്നാം ദിവസം റിട്ടയേഡ് ഹർട്ടായി ബാറ്റിങ് അവസാനിപ്പിച്ച ജയ്സ്വാൾ ഞായറാഴ്ച വീണ്ടും കളിക്കാനിറങ്ങുകയായിരുന്നു. അതേസമയം ശുഭ്മൻ ഗില്ലിന് സെഞ്ചറി നേടാനാകാതെ പോയത് നാലാം ദിനം ഇന്ത്യയ്ക്കു നിരാശയായി. 91 റൺസിൽ നിൽക്കെ ഗിൽ റൺ ഔട്ടാകുകയായിരുന്നു.
Be the first to comment