ജലനേത്ര: ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപട നിർമാണവുമായി ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്; രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയാറാക്കി സംസ്ഥാന  ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് ആരംഭിച്ച  വെബ് അധിഷ്ഠിത സോഫ്റ്റ്വെയർ, ‘ജലനേത്ര’യിലൂടെയാണ്  സംസ്ഥാനത്തെ ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപട നിർമ്മാണം തയാറാകുന്നത്.

കേരളത്തിലെ 590 കിലോമീറ്റർ കടൽത്തീരവും 12 നോട്ടിക്കൽ മൈൽ വരെയുള്ള ഉൾക്കടൽ, കേരളത്തിലെ നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, പാറക്കൂട്ടങ്ങൾ, ഉൾനാടൻ ജലാശയങ്ങൾ, ചെറു അരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക ജലാശയങ്ങളുടെയും ഡിജിറ്റൽ ഭൂപടം ആണ് ജല നേത്രയിലൂടെ തയാറായിട്ടുള്ളത്.

സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജല നേത്ര വെബ് അധിഷ്ഠിത സോഫ്റ്റ്വെയറിന് നേതൃത്വം നൽകിയത് കേരള ഡിജിറ്റൽ സർവകലാശാലയാണ്. ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്റ്റാർട്ടപ്പ് മിഷൻ വഴി ഒരു കോടി രൂപ ചിലവിൽ വികസിപ്പിച്ച പദ്ധതിയാണ് ജലനേത്ര.

ഈ പദ്ധതിയിലൂടെ ജലാശയങ്ങളുടെ അടിത്തട്ടിന്റെ ഘടന, സസ്യ ജന്തുജാലങ്ങൾ, മണ്ണിന്റെ ഘടന, ആഴം, അടിയൊഴുക്ക്, വേലിയേറ്റം, വേലിയിറക്കം, ഓരോ കാലത്തും ഉണ്ടാകുന്ന തീരത്തിന്റെ മാറ്റങ്ങൾ, അപകടമേഖല, തിരയുടെ ശക്തി, തരംഗദൈർഘ്യം, മലിനീകരണം, തീരശോഷണം എന്നിവ സംബന്ധിച്ച വിവരങ്ങൾ, റിസർവോയറുകളിലും അണക്കെട്ടുകളിലും ഉണ്ടാകുന്ന മണ്ണടിയൽ, നാവിഗേഷന് ആവശ്യമായ സുരക്ഷാ പാതകൾ എന്നിവ മനസിലാക്കാൻ സാധിക്കും.

മത്സ്യത്തൊഴിലാളികളുടെ യാനങ്ങളും ബോട്ടുകളും ട്രാക്ക് ചെയ്യാനും ദിശ കൃത്യമായി അടയാളപ്പെടുത്താനും, അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും ഇതിലൂടെ സാധിക്കും. ഡ്രഡ്ജിങ് ആവശ്യങ്ങൾക്കും ഹാർബർ എൻജിനീയറിങ് നിർമിതിക്ക് ആവശ്യമുള്ള എസ്റ്റിമേഷൻ, കോണ്ടൂർ മാപ്പിംഗ്, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കാനും ജലനേത്ര സഹായകമാകും.

സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഇ-ഗവർണൻസ് പദ്ധതിക്കുള്ള അവാർഡിനും കേന്ദ്ര സർക്കാരിന്റെ ഐ.ടി ഗവർണൻസ് പദ്ധതിക്കുള്ള അവാർഡിനും ജലനേത്രയെ പരിഗണിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*