ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പിന് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് പാനലുമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജമ്മു കശ്മീരില്‍ മൂന്ന് തിരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്. ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പും രണ്ടാമത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പുമാണ് നടക്കാനുള്ളതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ജമ്മു കശ്മീര്‍ സമ്പൂര്‍ണ സംസ്ഥാനമായി മാറുന്നതിനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്.
കൂടാതെ, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് പ്രത്യേക സമയപരിധി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍, കേന്ദ്രഭരണ പ്രദേശമെന്ന പദവി താല്‍ക്കാലികമാണെന്നും കേന്ദ്രം വ്യക്തമാക്കി. നേരത്തെ ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
Be the first to comment