കൊളസ്ട്രോളിന് മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ അന്തരിച്ചു

ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജീവൻ രക്ഷാ മരുന്നായ സ്റ്റാറ്റിന്‍സ് കണ്ടുപിടിച്ച ജാപ്പനീസ് ശാസ്ത്രജ്ഞൻ അകിര എന്‍ഡോ(90) അന്തരിച്ചു.  ആയിരക്കണക്കിന് സൂക്ഷ്മജീവികളിലെ പരീക്ഷണത്തിനുശേഷം 1973-ലാണ് ഫംഗസായ പെനിസിലിയത്തില്‍നിന്ന് അദ്ദേഹം മെവാസ്റ്റാറ്റിന്‍ വേര്‍തിരിച്ചത്. ഹൃദയാഘാതം ഉണ്ടായവർക്കും പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവർക്കും സ്റ്റാറ്റിനുകൾ ഡോക്ടർമാർ ഇപ്പോൾ സ്ഥിരമായി നിർദ്ദേശിക്കുന്നുണ്ട്.

രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ നീക്കംചെയ്യുന്നതില്‍ സ്റ്റാറ്റിന്‍ നിര്‍ണായകമായി. 2008-ല്‍ യുഎസ് നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ലാസ്‌കര്‍ അവാര്‍ഡ് അകിര എന്‍ഡോ സ്വന്തമാക്കി. ശാസ്ത്ര, സാങ്കേതിക രംഗത്തെ മികവിന് നല്‍കുന്ന ജപ്പാന്‍ പ്രൈസ് നല്‍കി 2006-ല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. നല്ല ആരോഗ്യം നിലനിർത്താൻ ആളുകളുടെ ശരീരത്തിൽ അൽപം കൊളസ്ട്രോൾ ആവശ്യമാണ്.

അമിതമായ അളവിൽ കൊളസ്ട്രോൾ അടിഞ്ഞാൽ രക്തയോട്ടം തടസ്സപ്പെടുത്തും. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും കൊഴുപ്പ് അടിഞ്ഞുകൂടാതെ രക്തക്കുഴലുകളെ സംരക്ഷിക്കാനും സ്റ്റാറ്റിനുകൾ സഹായിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*