തമാശ പറഞ്ഞത് വരെ പീഡനമെന്ന് പറയുമ്പോള്‍ അതിനൊരു പൊളിറ്റിക്‌സുണ്ട്, ഇനി ‘അമ്മ’യില്‍ എല്ലാവര്‍ക്കും സമ്മതരായവര്‍ വരട്ടെ: ജയന്‍ ചേര്‍ത്തല

താരസംഘടനയായ അമ്മയിലെ കൂട്ടരാജി എല്ലാവരും ഏകകണ്ഠമായെടുത്ത തീരുമാനമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന ജയന്‍ ചേര്‍ത്തല. ചില തമാശകള്‍ വരെ പീഡനശ്രമമെന്ന് പറയുമ്പോള്‍ അതിനൊരു രാഷ്ട്രീയമുണ്ടെന്നും ധാര്‍മികയിലൂന്നിയാണ് രാജി വച്ചതെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. എല്ലാവര്‍ക്കും സമ്മതരായവര്‍ വരട്ടെ എന്നാണ് കൂട്ടായെടുത്ത തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനയെ അനാഥമാക്കില്ലെന്നും കലാകാരന്മാര്‍ക്കുള്ള മരുന്ന്, പെന്‍ഷന്‍ എന്നിവ കൃത്യമായി എത്തിക്കുമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. സിനിമാ സെറ്റുകളില്‍ തമാശ പറഞ്ഞപ്പോള്‍ തന്നെ പേടിച്ചവരുണ്ട്. അതില്‍ ആ പെണ്‍കുട്ടിയെ കുറ്റം പറയുന്നില്ല. അത് പീഡനശ്രമമെന്ന നിലയില്‍ പുറത്തേക്ക് വരുമ്പോള്‍ അതിനൊരു പൊളിറ്റിക്‌സുണ്ട്. മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ വച്ച് പൊതുജനങ്ങള്‍ അമ്മയെ വിലയിരുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇനി തമാശ പറഞ്ഞവരും പറയാത്തവരുമൊക്കെയായി പുതിയ സമിതി വരട്ടെ. ജയന്‍ ചേര്‍ത്തല പറഞ്ഞു. അമ്മ ഇരകള്‍ക്കൊപ്പമാണെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയവും വേണ്ടെന്നും ഇപ്പോള്‍ വന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ എന്തായാലും നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയന്‍ ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അന്‍സിബ ഹസന്‍, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹന്‍, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോള്‍ എന്നിവരാണ് രാജിവച്ചത്.

ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സംഘടനയില്‍ നിന്ന് രാജി വച്ചിരുന്നു. തൊട്ടുപിന്നാലെ നടന്‍മാരായ ബാബുരാജ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*