പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങി സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം. സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. ജനതാദള്‍ (എസ്) ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം. സാങ്കേതികമായി ഇപ്പോഴും ദേശീയ പാര്‍ട്ടിയുടെ ഭാഗമാണ് കേരളത്തിലെ പാര്‍ട്ടി. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഈ മാസം എട്ടിന് സംസ്ഥാന ഭാരവാഹി യോഗം ചേരും.

കര്‍ണ്ണാടകയിലെ എച്ച് ഡി രേവണ്ണ വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഈ വിവാദം പാര്‍ട്ടിക്കേല്‍പ്പിച്ച കളങ്കം വലുതാണെന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്വം. അതിനാല്‍ സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം. ഇതിനായി സംസ്ഥാനത്തെ ചെറു പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്കും ശ്രമം നടക്കുന്നുണ്ട്. ഇടതുമുന്നണിയിലെ ചെറു പാര്‍ട്ടികള്‍ ഒറ്റ പാര്‍ട്ടിയായി മാറണമെന്ന നിര്‍ദ്ദേശവും ചര്‍ച്ചയില്‍ ഉയരും.

ജനതാദള്‍ എസ്, എന്‍സിപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടികളുടെ ലയനം ആണ് നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനായി ജെഡിഎസ്, എന്‍സിപി നേതൃത്വം മുന്‍കൈയ്യെടുത്ത് പ്രാഥമിക ചര്‍ച്ച തുടങ്ങി. പാര്‍ട്ടി നയം ലംഘിച്ച് ബിജെപിയുമായി സഖ്യം ചേര്‍ന്ന നിലപാടില്‍ നേരത്തെ സംസ്ഥാന ഘടകം പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എച്ച് ഡി രേവണ്ണ, മകന്‍ പ്രജ്ജ്വല്‍ രേവണ്ണ എന്നിവര്‍ക്കെതിരെ ലൈംഗികാതിക്രമ കേസ് ഉയര്‍ന്നതോടെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം വേഗത്തിലാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*