വിവാഹസമയത്തെ ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണം: വനിതാ കമ്മീഷന്‍

കൊച്ചി: ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എറണാകുളം ജില്ലയില്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നത്. എന്നാല്‍, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല. ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്‍കുകയാണെങ്കില്‍ അത് നിയമപരമായ രീതിയില്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്നും അധ്യക്ഷ നിര്‍ദേശിച്ചു.എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മിഷന്‍ അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.

സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതായ പരാതികളും ഉണ്ട്. ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിയുമായി സൈബര്‍ പോലീസ് സംവിധാനത്തെ സ്ത്രീകള്‍ ആശ്രയിക്കുന്നത് നല്ല പ്രവണതയാണ്. ഓഗസ്റ്റ് മാസം മുതല്‍ വനിതാ കമ്മീഷന്‍ വിവിധ കാമ്പയിനുകള്‍ ആരംഭിക്കും. പോഷ് ആക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലകളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. വിവാഹപൂര്‍വ കൗണ്‍സിലിംഗ് നല്‍കും. കോളേജുകളില്‍ കലാലയ ജ്യോതി സംഘടിപ്പിക്കും. വിദ്യാർഥിനികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുമെന്നും അധ്യക്ഷ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*