റാഞ്ചി: ഝാർഖണ്ഡ് എംഎൽഎ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ സഹോദര ഭാര്യയും ഝാർഖണ്ഡ് മുക്തി മോർച്ച പാർട്ടി എംഎൽഎയുമായ സീതാ സോറൻ ബിജെപിയിൽ ചേർന്നു. ഝാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്ന് രാജിവെച്ച് മണിക്കൂറുകൾക്കുള്ളിലാണ് സീതാ സോറൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ജമയിൽ നിന്നുള്ള എംഎൽഎ ആയ സീത ഝാർഖണ്ഡ് മുക്തി മോർച്ച തന്നെ നിരന്തരമായി അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, ഝാർഖണ്ഡ് തെരഞ്ഞെടുപ്പു ചുമതലയുള്ള ലക്ഷ്മികാന്ത് ബാജ്പേയ് എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപി ഹെഡ് ക്വാർട്ടേഴ്സിൽ വച്ചാണ് സീതാ സോറൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ഝാർഖണ്ഡ് മുക്തി മോർച്ച അധ്യക്ഷനും ഭർതൃപിതാവുമായ ഷിബു സോറനാണ് സീത രാജിക്കത്ത് കൈമാറിയത്. ഭർത്താവ് ദുർഗ സോറന്‍റെ മരണത്തിനു ശേഷം പാർട്ടിയിൽ നിന്നോ കുടുംബത്തിൽ നിന്നോ തനിക്ക് വേണ്ടത്ര പരിഗണനയും പിന്തുണയും ലഭിച്ചിട്ടില്ലെന്ന് സീത ആരോപിച്ചിട്ടുണ്ട്.
ആശയങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നുവെന്നും പലപ്പോഴും തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായി താൻ ബോധവതിയാണെന്നും നിരന്തരമായി അവഗണിക്കപ്പെട്ടതിനാലാണ് താൻ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതെന്നും പാർട്ടിയിൽ നിന്ന് പുറത്തു പോകുകയല്ലാതെ മറ്റൊരു മാർഗം തനിക്കു മുൻപിലില്ലെന്നും സീത രാജിക്കത്തിൽ കുറിച്ചിട്ടുണ്ട്.
Be the first to comment