പ്രവാസികൾക്കായി മൂന്നാഴ്ചത്തെ ഭാരത പര്യടനം; പ്രവാസി ഭാരതീയ എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ്‌ ചെയ്തു

ഇന്ത്യൻ പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ പ്രവാസി ഭാരതീയ എക്‌സ്പ്രസ് ന്യൂഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ്‌ ചെയ്തു. 1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിൻ്റെ വാർഷികം ആഘോഷിക്കുന്ന ജനുവരി 9-നാണ് ട്രെയിൻ ആരംഭിച്ചത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി സഹകരിച്ച് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രവാസി തീർഥ ദർശൻ യോജനയ്ക്ക് കീഴിലാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. പ്രവാസി ഭാരതീയ എക്‌സ്പ്രസിന് 156 പേർക്ക് യാത്ര ചെയ്യാം.

അയോധ്യ, പട്‌ന, ഗയ, വാരണാസി, മഹാബലിപുരം, രാമേശ്വരം, മധുര, കൊച്ചി, ഗോവ, ഏക്താ നഗർ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ വിനോദസഞ്ചാര മേഖലകളും മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളും

ബന്ധിപ്പിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പ്രവാസികളെ അവരുടെ സാംസ്കാരികവും ആത്മീയവുമായ വേരുകളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 45 നും 65 നും ഇടയിൽ പ്രായമുള്ള പ്രവാസി ഇന്ത്യക്കാർക്ക് മാത്രമായിട്ടാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മൂന്നാഴ്ചത്തെ യാത്രയാണ് പ്രവാസി ഭാരതീയ എക്‌സ്പ്രസിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയും പ്രവാസികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗമായി പ്രവാസി ഭാരതീയ ദിവസ് മാറിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രയാഗ്‌രാജിൽ മഹാകുംഭം ആരംഭിക്കും. എങ്ങും സന്തോഷകരമായ അന്തരീക്ഷമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 1915-ൽ ഈ ദിവസമാണ് മഹാത്മാഗാന്ധി വിദേശത്ത് നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്. അത്തരമൊരു മനോഹരമായ വേളയിൽ ഇന്ത്യയിലെ പ്രവാസികളുടെ സാന്നിധ്യം സന്തോഷകരമാക്കുന്നുവെന്നും പ്രധാനമന്ത്രി ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*